കോഴിക്കോട്: നഗരം ശുചിയാക്കാനായി കോർപ്പറേഷൻ ആരംഭിച്ച അഴക് പദ്ധതി ഉൾപ്പടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും നഗരത്തെ അഴുക്കാക്കി മാലിന്യക്കൂമ്പാരങ്ങൾ. കോർപ്പറേഷൻ തുടങ്ങിവെച്ച മാലിന്യ സംസ്കരണവും ശേഖരണവും പാളിയ സ്ഥിതിയിലാണ്.
നഗരത്തിലെത്തുന്ന സന്ദർശകരിൽ പലരും അലക്ഷ്യമായി വലിച്ചെറിയുന്നതും
വിവിധ സ്ഥലങ്ങളിൽ നിന്ന് ഹരിതകർമ സേനാംഗങ്ങൾ ശേഖരിക്കുന്നതുമായ മാലിന്യങ്ങളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂട്ടിയിട്ടിയിരിക്കുന്നത്.
ഞെളിയൻപറമ്പ്, ഭട്ട് റോഡ് ബീച്ച് എന്നിവിടങ്ങളിലെ മാലിന്യ സംസ്‌കരണം നിലച്ചതോടെ ശേഖരിക്കുന്ന മാലിന്യങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ പലയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്. ബീച്ചിനോട് ചേർന്ന് കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മാലിന്യ സംഭരണ കേന്ദ്രം കത്തി നശിച്ചിട്ട് അധിക നാളായിട്ടില്ല. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പടെയുള്ള അജൈവ മാലിന്യങ്ങൾ തരംതിരിച്ച് കട്ടകളാക്കി സംസ്ഥാനത്തിന് പുറത്തേക്ക് അയച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. എന്നാൽ സംഭരണ കേന്ദ്രം കത്തിനശിച്ചതോടെ മാലിന്യപ്രശ്‌നം അതിരൂക്ഷമായി. നിലവിൽ മാലിന്യം സംസ്‌കരിക്കാൻ മതിയായ സംവിധാനമില്ലാത്ത നിലയിലാണ്. ഹരിത കർമ്മ സേനാംഗങ്ങൾ പല ഇടങ്ങളിൽ നിന്നായി ശേഖരിക്കുന്ന ടൺ കണക്കിന് മാലിന്യങ്ങൾ പല ഇടങ്ങളിലായി കൂട്ടിയിടുകയല്ലാതെ മറ്റ് മാർഗങ്ങളൊന്നും ഇല്ലെന്ന മട്ടിലാണ് ഉത്തരവാദിത്തപ്പെട്ടവരുടെ പ്രവർത്തനം. മാലിന്യ സംസ്കരണത്തിന് പദ്ധതികൾ ഏറെയുണ്ടെങ്കിലും കൃത്യമായി ബോധവത്കരണം നൽകാത്തതും അധികൃതരുടെ അശ്രദ്ധയുമാണ് നഗരം ചീഞ്ഞുനാറാൻ കാരണം.
പുതിയങ്ങാടി കൂണ്ടുപറമ്പ് ആകാശവാണി പ്രക്ഷേപണ കേന്ദ്രവും പരിസരവും മാലിന്യക്കൂമ്പാരത്തിൽ വീർപ്പുമുട്ടുകയാണ്. കേന്ദ്രത്തിന്റെ പുറത്തെ മതിലിനോട് ചേർന്നാണ് മാലിന്യം കൂനയായി കൂട്ടിയിട്ടിരിക്കുന്നത്. മൂക്കുപൊത്തിയല്ലാതെ ഈ പരിസരത്തുകൂടി നടക്കാൻ പോലും പറ്റില്ല. വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ ചാക്കിലും കവറിലുമാക്കിയാണ് തള്ളുന്നത്. കഴിഞ്ഞ മഴക്കാലത്ത് അഴുകിയ മാലിന്യങ്ങൾ റോഡിലേക്കിറങ്ങി യാത്രക്കാരെ ദുരിതത്തിലാക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലേയും അവസ്ഥ ഇതാണ്.
പുതിയ പാലം കല്ലുത്താൻ കടവ്, പൊറ്റമ്മൽ, കോഴിക്കോട് ബീച്ച് , വൈക്കം മുഹമ്മദ് ബഷീർ റോഡ് തുടങ്ങി നഗരത്തിലെ മിക്ക റോഡുകളുടെ ഇരുവശങ്ങളിലും, ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലും, റെയിൽവേ ട്രാക്കിന് സമീപവും, ഇടവഴികൾ, തോട്, കനാൽ, ഓവ് എന്നിവിടങ്ങളിലും മാലിന്യങ്ങൾ കുന്നുകൂടുകയാണ്.കുടുംബമായി നഗരം സന്ദർശിക്കാനെത്തുന്നവർ കൊണ്ടുവരുന്നതും ഹോട്ടലുകളിൽ നിന്ന് വാങ്ങുന്നതുമായ ഭക്ഷണം റോഡസ്ഥലത്ത് വാഹനം ഒതുക്കി കഴിച്ചശേഷം വേസ്റ്റ് റോഡിൽ തള്ളുന്നതും പതിവുകാഴ്ചയാണ്. കൂടാതെ രാത്രിയിലും അതിരാവിലെയും റോഡിലാരുമില്ലാത്ത സമയം നോക്കി പലരും മാലിന്യങ്ങൾ കൊണ്ടിടാറുണ്ട്. ഇത്തരത്തിൽ അലക്ഷ്യമായി ഭക്ഷ്യവസ്തുക്കൾ വഴിയോരങ്ങളിൽ തള്ളുന്നതിനാൽ തെരുവുനായ ശല്യവും രൂക്ഷമായിരിക്കുകയാണ്.