@പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് തന്നെ
കോഴിക്കോട്: പാളയത്തെ പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും നിലവിലെ മാർക്കറ്റ് പ്രവർത്തിക്കുന്ന സ്ഥലത്ത് അത്യാധുനിക ടൗൺഷിപ്പ് ഒരുക്കുമെന്നും ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു. ഇത് പുതുതായെടുത്ത തീരുമാനമല്ലെന്നും ഐക്യത്തോടെയാണ് പദ്ധതി അംഗീകരിച്ച് കോർപ്പറേഷൻ മുന്നോട്ടുപോയതെന്നും അദ്ദേഹം വ്യക്തമാക്കി. പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്ന നടപടി പുനപരിശോധിക്കണമെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിത ശ്രദ്ധക്ഷണിച്ചു. ഇതിന് ഡെപ്യൂട്ടി മേയർ മറുപടി പറയുകയായിരുന്നു. പാളയം മാർക്കറ്റ് മാറ്റാൻ കൗൺസിൽ ഒന്നിച്ചെടുത്ത തീരുമാനത്തിന് വിരുദ്ധമായ ആവശ്യമാണ് ഇപ്പോൾ ഉന്നയിക്കുന്നത്. സ്ഥലം ഏറ്റെടുത്തുനൽകുന്നതിൽ വന്ന കാലതാമസമാണുണ്ടായത്. 22 കോടി രൂപ ഇതിനായി ചെലവഴിച്ചു. തൊഴിലാളികളുടെയും കച്ചവടക്കാരുടെയും ആശങ്ക പരിഹരിച്ച് മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റും. മാർക്കറ്റ് കൂടുതൽ വിശാലമായ ഇടത്തേക്കാണ് മാറ്റുന്നത്. നിലവിൽ 1.62 ഏക്കറുള്ള മാർക്കറ്റിൽ നിന്ന് അഞ്ച് ഏക്കറിലധികമുള്ള സ്ഥലത്തേക്കാണ് മാർക്കറ്റ് മാറ്റുന്നത്. 148 കടക്കാരെ മാറ്റുന്നത് 300ലേറെ കടമുറികളുള്ള സ്ഥലത്തേക്കാണ്. ആരുടെയും തൊഴിൽ നഷ്ടപ്പെടില്ല. ലൈസൻസില്ലാതെ കച്ചവടം നടത്തുന്നവരുടെ കാര്യത്തിലും അനുഭാവമുള്ള തീരുമാനമെടുക്കും.
തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നൽകും. ഇപ്പോൾ കടയുള്ള ഒരാൾക്കും പുതിയ സ്ഥലത്ത് അത് നഷ്ടപ്പെടില്ല. പാളയത്ത് നാല് ഏക്കറോളം സ്ഥലം ഏറ്റെടുത്ത് ടൗൺഷിപ്പ് പണിയും. ഈ സ്വപ്ന പദ്ധതിയിൽ അത്യാധുനിക പച്ചക്കറി മാർക്കറ്റുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് കൗൺസിലർമാർക്കെതിരെ
ആക്ഷേപ പരാമർശം, മേയർ ഇടപെട്ട് പിൻവലിപ്പിച്ചു
പാളയം മാർക്കറ്റിനെപ്പറിയുള്ള ചർച്ചയ്ക്കിടെ സി.പി.എമ്മിലെ അഡ്വ. സി.എം.ജംഷീർ യു.ഡി.എഫിനെതിരെ നടത്തിയ ആക്ഷേപ പരാമർശനം മേയർ ഡോ. ബീന ഫിലിപ്പ് ഇടപെട്ട് പിൻവലിപ്പിച്ചു. പരാമർശത്തിനെതിരെ യു.ഡി.എഫ് പ്രതിനിധികൾ മേയറുടെ ഇരിപ്പിടത്തിനടുത്തെത്തി കടുത്ത പ്രതിഷേധം ഉയർത്തിയോടെ സഭ പത്ത് മിനിട്ട് നിറുത്തിവെച്ചു.
തുടർന്ന് മേയർ ചർച്ചയ്ക്ക് വിളിച്ചെങ്കിലും യു.ഡി.എഫ് നേതാക്കൾ ബഹിഷ്കരിച്ചു. മേയറുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് കൗൺസിൽ പാർട്ടികളുടെ യോഗം ചേർന്ന് ജംഷീറിനോട് പരാമർശം പിൻവലിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വീണ്ടും കൗൺസിൽ യോഗം ചേർന്നപ്പോൾ ആക്ഷേപ പരാമർശം പിൻവലിക്കുന്നതായി ജംഷീർ പറഞ്ഞു. ഇത്തരം വാക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്നും ആരും ഇത് ആവർത്തിക്കരുതെന്നും മേയർ പറഞ്ഞു. ഒരു വിഷയം ഉണ്ടാവുമ്പോൾ ചർച്ച നടത്തുമ്പോൾ അതിൽ നിന്ന് വിട്ടുനിൽക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ മേയർ പ്രതിപക്ഷത്തെയും വിമർശിച്ചു.
സ്റ്റേഡിയം പൂതേരി സത്രം കോളനിയിൽ കൊമേഴ്സ്യൽ കോംപ്ലക്സ് നിർമ്മിക്കും
കോഴിക്കോട്: സ്റ്റേഡിയം പൂതേരി സത്രം കോളനിയിലെ കെട്ടിടം പൊളിച്ച് കൊമേഴ്സ്യൽ കോംപ്ലക്സ് നിർമ്മിക്കാൻ കോർപ്പറേഷൻ തീരുമാനം. ഇതിനായി ഡി.പി.ആർ തയ്യാറാക്കാൻ ഇന്നലെ ചേർന്ന് കൗൺസിൽ യോഗം തീരുമാനമെടുത്തു. യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങളുടെ എതിർപ്പോടെയാണ് അജണ്ട പാസാക്കിയത്. ചർച്ച നടത്താതെ ഇത്തരം തീരുമാനം എടുക്കരുതെന്നും പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നവരെ കുടിയിറക്കരുതെന്നും പ്രദേശത്തെ കൗൺസിലർ കൂടിയായ എസ്.കെ. അബൂബക്കർ ആവശ്യപ്പെട്ടു. അജണ്ട മാറ്റിവെയ്ക്കണമെന്ന് ബി.ജെ.പി കൗൺസിലർ ടി. രനീഷും ആവശ്യപ്പെട്ടു.
പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിൽ പദ്ധതികൾ അനുവദിക്കുന്നില്ലെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിത പറഞ്ഞു. ഇതോടെ കൗൺസിൽ യോഗത്തിൽ ബഹളമായി. എന്നാൽ എല്ലാ വാർഡുകളെയും ഒരുപോലെയാണ് പരിഗണിക്കുന്നതെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് മറുപടി നൽകി.
@ ശബരിമലയിലെ ദുരിതം, അടയന്തരപ്രമേയം തള്ളി
ശബരിമലയിലെ ദുരിതം ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിലെ കെ.മൊയ്തീൻ കോയയും ബി.ജെ.പിയിലെ ടി. രനീഷും നൽകിയ അടിയന്തര പ്രമേയത്തിന് മേയർ ഡോ.ബീന ഫിലിപ്പ് അനുമതി നിഷേധിച്ചു. അടിയന്തര നടപടി സ്വീകരിച്ചതായി സർക്കാർ അറിയിച്ച സ്ഥിതിക്ക് അടിയന്തര സ്വഭാവമില്ലെന്ന് പറഞ്ഞാണ് പ്രമേയം തള്ളിയത്. ഇതിൽ പ്രതിഷേധിച്ച യു.ഡി.എഫ് കൗൺസിലർമാർ ഇറങ്ങിപ്പോയി.
വിവിധ വിഷയങ്ങളിൽ കെ.റംലത്ത്, വി.പി.മനോജ്, എം.കെ.മഹേഷ്, വി.കെ.മോഹൻദാസ്, ടി.കെ.ചന്ദ്രൻ, ടി.സുരേഷ് കുമാർ, ടി.റനീഷ് തുടങ്ങിയവർ ശ്രദ്ധക്ഷണിച്ചു.