കൊയിലാണ്ടി: ഉറവ വറ്റാത്ത കിണറിന് ചുറ്റും അടയാളപ്പെടുത്തിയത് ഒരു നാടിന്റെ ചരിത്രം. 1915 ൽ തലശ്ശേരി താലൂക്കിന്റെ ഭാഗമായി കൊയിലാണ്ടി ബപ്പൻകാട് കോതമംഗല സ്കൂളിന് മുൻവശത്തുണ്ടായിരുന്ന കിണറാണ് പി.ടി.എയും നാട്ടുകാരും ചേർന്ന് ചരിത്രം രേഖപ്പെടുത്തി പുനരുജ്ജീവിപ്പിച്ചത്. കിണറിന്റെ ആൾമറയിൽ 'കൊയിലാണ്ടി ഇന്നലെയും ഇന്നും' മനോഹരമായി ആലേഖനം ചെയ്തിട്ടുണ്ട്. ചരിത്രപസിദ്ധമായ കോതമംഗലം ചന്ത, കൊല്ലംചിറ, പിഷാരികാവ് ക്ഷേത്രം, പാറപ്പള്ളി ,കടൽത്തീരം, റെയിൽവെ സ്റ്റേഷൻ,ബപ്പൻകാട്, കൊയിലാണ്ടിയിലെ കയർ മേഖല , വെറ്റില കൃഷി തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം നഗരത്തിന്റെ പുതിയ വികസനവും ചുമരിൽ ഇടം പിടിച്ചിട്ടുണ്ട്. കിണറിന് മുന്നിലായി ഗാന്ധി പ്രതിമയും തീർത്തിട്ടുണ്ട്. പൂക്കാട് കലാലയത്തിലെ ആർട്ടിസ്റ്റ് കെ.വി. ബിജുവാണ് ദൃശ്യങ്ങളും ചിത്രങ്ങളും തീർത്തത്. വർഷങ്ങളായി കിണറും പരിസരവും മാലിന്യം കൊണ്ട് നിറഞ്ഞു കിടക്കുകയായിരുന്നു. ഇതിന് രൂപമാറ്റം വരുത്തിയതോടെ കോതമംഗലം സ്കൂളിലേക്ക് വരുന്ന വിദ്യാർത്ഥികളിൽ പരിസര ശുചിത്വത്തിന്റെയും ജലസംരക്ഷണത്തിന്റെയും ബാലപാഠങ്ങൾ പകരാൻ കഴിയുമെന്നാണ് അദ്ധ്യാപകരും നാട്ടുകാരും പറയുന്നത്. നഗരസഭാ പരിധിയിൽ നൂറോളം പൊതുകിണറുകളാണ് രക്ഷകരെ കാത്തിരിക്കുന്നത്. ഇത് നഗരസഭയ്ക്കും പ്രചോദനമായി തീരുമെന്നുറപ്പാണ്.