ബേപ്പൂർ: മത്സ്യബന്ധനത്തിനായി കടലിൽ പോകുമ്പോൾ ബോട്ടുകളിൽ കരുതുന്ന കുടിവെള്ള ക്ഷാമത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. 450 ലധികം വൻകിട ബോട്ടുകളും 250 ലധികം ചെറുകിട ബോട്ടുകളുമാണ് ബേപ്പൂർ ഹാർബർ കേന്ദ്രമായി പ്രവർത്തിക്കുന്നത്. ഒരു ബോട്ടിന് മാത്രമായി കുടിവെള്ളത്തിനും ഭക്ഷണം പാചകം ചെയ്യാനും കുളിക്കാനുമായി 2000 ലിറ്ററിലധികം വെള്ളം ആവശ്യമാണ്. എല്ലാ ബോട്ടുകളുടെയും കുടിവെള്ളത്തിനായി ഫിഷറിസ് കെട്ടിട വളപ്പിനുള്ളിലെ ഒരു കിണർ മാത്രമാണ് ഏക ആശ്രയം. ഈ കിണറാകട്ടെ വറ്റിയ സ്ഥിതിയിലാണ്. അകലെ നിന്നും ടാങ്കർ ലോറികളിലാണ് മത്സ്യത്തൊഴിലാളികൾ ഇപ്പോൾ വെള്ളമെത്തിക്കുന്നത്. കുടിവെള്ള പരിഹാരത്തിനായി ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ നേതൃത്വത്തിൽ മൂന്ന് കിണറുകൾ കുഴിക്കാൻ പദ്ധതിയിട്ട് ടെന്റർ ക്ഷണിച്ചെങ്കിലും കരാർ ഏറ്റെടുക്കാൻ ആരും എത്തിയില്ല. ജപ്പാൻ കുടിവെള്ള പദ്ധതി ഹാർബറിലെത്തിക്കുവാൻ നിർദ്ദേശമുയർന്നെങ്കിലും കുടിവെള്ള വിതരണ ചുമതല സംബന്ധിച്ച തർക്കം ഇപ്പോഴും നിലനിൽക്കുകയാണ്. ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണെന്ന് ഒരു കൂട്ടം വാദിക്കുമ്പോൾ ഹാർബറിലെ ടോൾപിരിക്കുന്നവരുടെ ഉത്തരവാധിത്വമാണ് കുടിവെള്ള വിതരണമെന്നാണ് മറ്റൊരു പക്ഷം.
ഹാർബറിലെ കുടിവെള്ളവും വെളിച്ചവും ടോൾ പിരിക്കുന്നവരുടെ ഉത്തരവാധിത്തമാണ്. മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം കപ്പൽ പൊളിശാലയുടെ നേതൃത്വത്തിൽ രണ്ടു മാസം മുമ്പ് സ്ഥാപിച്ച മെർക്കുറി ലൈറ്റുകൾ ഇതുവരെ കത്തിയിട്ടില്ല. ഹാർബറിന് സമീപമുള്ള വീടുകളിലേക്കും സ്വകാര്യ സ്ഥാപനങ്ങളിലേക്കുമായി ഹാർബർ ജംഗ്ഷനിൽ നിന്നും റോഡിന്റെ ഇരു ഭാഗത്തു നിന്നും ജപ്പാൻ കുടിവെള്ള പൈപ്പ് ലൈൻ പ്രവർത്തി നടന്നു വരികയാണ്. ഹാർബറിന് മുൻവശം വെച്ച് പ്രവർത്തി നിർത്താനാണ് തീരുമാനം. ബോട്ടുടമകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മുൻ കൈ എടുക്കുകയാണെങ്കിൽ ജപ്പാൻ കുടിവെള്ള പദ്ധതി ഹാർബറിലേക്കും കൂടി നീട്ടാനാവും. ഇതുവഴി കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാകും എന്നാണ് മത്സ്യ തൊഴിലാളികൾ പറയുന്നത് .