1
1

കോഴിക്കോട് : ക്രിസ്മസ് ,​ന്യൂ ഇയർ ആഘോഷങ്ങളിൽ ലഹരിമാഫിയ പിടിമുറുക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് ഇതിനെ ചെറുക്കാനുള്ള നടപടികളാരംഭിച്ച് എക്സൈസ്. തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളിൽ ജനകീയ സമിതികൾ ശക്തിപ്പെടുത്തുവാനും പ്രത്യേക ശ്രദ്ധ വേണ്ട സ്ഥലങ്ങളിൽ എക്‌സൈസ്, പൊലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ തുടർ പരിശോധനകൾ നടത്താനും യോഗത്തിൽ തീരുമാനിച്ചു. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. ഡിസംബർ അഞ്ചിന് തുടങ്ങിയ ക്രിസ്മസ് ,​ന്യൂ ഇയർ സ്‌പെഷ്യൽ ഡ്രൈവ് കാലയളവിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം, മൂന്നു മേഖലകളിലായി സ്‌ട്രൈക്കിംഗ് ഫോഴ്സുകൾ, റേഞ്ചുകളിൽ രഹസ്യ വിവരം ശേഖരിക്കുന്നതിന് ഇന്റലിജൻസ് ടീമും പ്രവർത്തിക്കുന്നുണ്ട്. ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ മുന്നോടിയായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ജനകീയ സമിതി യോഗം ചേർന്നു. യോഗത്തിൽ കഴിഞ്ഞ നാലു മാസക്കാലയളവിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും തുടർ പ്രവർത്തനങ്ങളെ കുറിച്ച് നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. വിദ്യാർത്ഥികളിൽ മദ്യമയക്കുമരുന്ന് വ്യാപനം തടയുന്നതിനായി സ്‌കൂൾ തലത്തിൽ 459 ലഹരി വിരുദ്ധ ക്ലബ്ബുകളും കോളേജ് തലങ്ങളിൽ 94 ലഹരി വിരുദ്ധ ക്ലബ്ബുകളും പ്രവർത്തിച്ചു വരുന്നുണ്ട്. പരാതികൾ അറിയിക്കാൻ : 0495 2372927