zkjvbnhlkjdfhg
കോവിഡ് വൈറസ്

കോഴിക്കോട് : ജില്ലയിലെ ആശുപത്രികളിൽ പനി ബാധിതരായി ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന.കഴിഞ്ഞ 15 വരെയുള്ള ദിവസങ്ങളിൽ 18000ത്തിൽ അധികം പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ആയിരത്തിലധികം പേർ ചികിത്സ തേടിയെത്തിയിട്ടുണ്ട്. ഡെങ്കി, എലിപ്പനി എന്നിവ ദിവസേനയെന്നോണം സ്ഥിരീകരിക്കുന്നുമുണ്ട്. ഓരോ ആഴ്ചയും ശരാശരി 1000 മുതൽ 1500 വരെ ആളുകളാണ് പനി ബാധിതരായി ആശുപത്രികളിൽ എത്തുന്നത്. കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം കുന്നുമ്മൽ പഞ്ചായത്തിൽ ഒരാൾ മരിച്ചതും ജില്ലയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭഗങ്ങളിൽ കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യവുമുണ്ട്. കൊവിഡ് പരിശോധന ജില്ലയിൽ കാര്യമായി നടക്കുന്നുമില്ല. കൊവിഡ് ഉപവകഭേദം ജെ.എൻ1 വകഭേദം തിരുവനന്തപുരത്ത് സ്ഥിരീകരിച്ചതും ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതയും തയ്യാറെടുപ്പും ശക്തമാക്കിയിട്ടുണ്ട്. ഏതാനും ആഴ്ചകളായി കേരളത്തിൽ കൊവിഡ് കേസുകൾ കൂടുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്നെത്തുന്നവർ പൊതുവേ കൂടുതലുള്ള കേരളത്തിൽ കൂടുതൽ ജാഗ്രത പുലർത്താനാണ് നി‍ർദേശം.

@ കൊവിഡും മഞ്ഞപ്പിത്തവും

കൊവിഡിന് പുറമേ എച്ച് 1. എൻ 1, മഞ്ഞപ്പിത്തം, ന്യുമോണിയ തുടങ്ങിയ അസുഖങ്ങൾ ബാധിച്ചവരും മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം കൂടെ കണക്കാക്കിയാൽ ചികിത്സയ്ക്കായി ആശുപത്രികൾ സന്ദർശിച്ചവരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത.

@കെെവിടരുത് ജാഗ്രത

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന കുന്നുമ്മൽ സ്വദേശി മരിച്ചതോടെ ജാഗ്രത കെെവിടരുതെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.തലവേദന, ചെറിയതോതിൽ പനി, ശരീരവേദന തുടങ്ങിയവയാണ് കൊവിഡിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണമുള്ളവർ ഉടനെ ചികിത്സ തേടണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ആശുപത്രി സന്ദർശിക്കുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം.

@വാർഡുകളിൽ 20 പേർ

വിവിധ വാർഡു കളിലായി ഇരുപതിലേറെ പേരാണ് കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 10 ദിവസത്തിനിടെ 16 പേർക്ക് കൊവിഡ് സ്ഥിരീകരി ച്ചിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.