കോഴിക്കോട്: കാൽ നൂറ്റാണ്ട് പിന്നിടുന്ന ഘട്ടത്തിൽ ഏതൊരു കോർപ്പറേറ്റ് ബ്രാൻഡുകളോടും മത്സരിക്കാനുള്ള തലത്തിലേക്ക് റബ്‌കോ എത്തിയതായി നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന റബ്‌കോ ഉത്പന്നങ്ങളുടെ മെഗാ പ്രദർശന – വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്പന്നങ്ങളുടെ നിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് റബ്‌കോ തുടക്കം മുതൽ സ്വീകരിക്കുന്നത്. റബറിന്റെ വില കൂട്ടണമെന്ന് പറയുന്നതിനോടൊപ്പം തന്നെ വീടുകളിൽ റബ്‌കോ ഉത്പന്നങ്ങൾ വാങ്ങണമെന്ന ക്യാമ്പയിനും മുന്നോട്ട് വെക്കണമെന്ന് സ്പീക്കർ പറഞ്ഞു. മേയർ ഡോ. എം ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ വി .കെ. സി. മമ്മദ്‌കോയ വൈറ്റ്ഫീൽഡ് ഡയറി എം ഡി. ദീപക് മോഹൻദാസിന് നൽകി ആദ്യ വിൽപന നടത്തി. ഡിസ്ട്രിബ്യൂഷൻ സമർപ്പണം പി. മോഹനൻ നിർവഹിച്ചു. പ്രസീദ് ഏറ്റുവാങ്ങി. ജനുവരി 15 വരെ നടക്കുന്ന മേളയിൽ റബ്‌കോയുടെ വിവിധങ്ങളായ ഉത്പന്നങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. റബ്‌കോ മെത്തകൾ, ടേബിൾ, കട്ടിൽ, കസേര, സെറ്റി മുതലായ ഫർണീച്ചർ ഉത്പന്നങ്ങൾ, ചെരിപ്പുകൾ, റബ്‌കോ നൂട്രീകോയുടെ വിവിധ ഉത്പന്നങ്ങൾ, ഖാദി, ദിനേശ് തുണിത്തരങ്ങൾ, കുടകൾ തുടങ്ങിയവ മേളയിൽ ലഭ്യമാണ്. റബ്‌കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പി .വി. ഹരിദാസൻ പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. നാസർ, പി. ദിവാകരൻ എന്നിവർ പ്രസംഗിച്ചു. റബ്‌കോ ഗ്രൂപ്പ് ചെയർമാൻ കാരായി രാജൻ സ്വാഗതവും ഡയറക്ടർ ടി.വി. നിർമ്മലൻ നന്ദിയും പറഞ്ഞു.