പേരാമ്പ്ര: കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്ന കാട്ടുജീവികളുടെ അക്രമം വളർത്തു മൃഗങ്ങൾക്കും ഭീഷണിയാകുന്നു. കൂത്താളി, കിഴക്കൻ പേരാമ്പ്ര, ചങ്ങരോത്ത്, മുതുകാട് മേഖലകളിലാണ് കാട്ടുപന്നികൾ കൂട്ടത്തോടെ എത്തി കൃഷി നശിപ്പിക്കുന്നത് വ്യാപകമായ പരാതിക്ക് ഇടയാക്കിയത്. ഒരു കാലത്ത് നടുവിള കൃഷിയിനങ്ങളായ കപ്പ, ചേന, ചേമ്പ്, നാടൻ പയറു വർഗങ്ങൾ എന്നിവ സമൃദ്ധമായി കൃഷി ചെയ്തിരുന്ന മേഖലകളാണ് ഇവ .എന്നാൽ കാട്ടു ജീവികളുടെ ശല്യം കാരണം കൃഷിയിടങ്ങൾ കാടുകയറുകയാണ്. കാട്ടുപന്നികളുടെ അക്രമണം ഇപ്പോൾ വളർത്തുമൃഗങ്ങൾ നേരെ തിരിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൂത്താളിയിൽ ക്ഷീരകർഷകനായ പത്മനാഭൻ വൈദ്യരുടെ വീട്ടിലെ തൊഴുത്തിനടുത്തെത്തിയ കാട്ടുപന്നി
പശുവിനെ ആക്രമിച്ചു . ആക്രമണത്തിൽ പശുവിൻ്റെ മുഖത്ത് ഗുരുതര പരിക്കേറ്റു . ശരീരമാസകലം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ചക്കിട്ടപാറ പഞ്ചായത്തിൻ്റെ അതിർത്തി പ്രദേശമായ നരിനട ,കാളങ്ങാലി , പിള്ള പെരുവണ്ണ, ചെമ്പനോട, പന്നിക്കോട്ടൂർ,
എന്നിവിടങ്ങളിൽ വന്യമൃഗശല്യം രൂക്ഷമായതായി കർഷകർ പറഞ്ഞു .