ബേപ്പൂർ: സുനാമി,പശുക്കുളം ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കിണറുകളും പശുക്കുളവും ശോചനീയാവസ്ഥയിൽ. വൃത്തിയാക്കാനോ, നോക്കി നടത്താനോ ആളില്ലാതായിട്ട് നാളുകളേറെയായി. കിണറുകൾ മൂടിയിരിക്കുന്ന ഇരുമ്പ് ഷീറ്റുകൾ പൂർണ്ണമായും ദ്രവിച്ച് നിലയിലാണ്. ഇതിനു ചുറ്റും കാട്ടുചെടികൾ പടർന്ന് കിണർ കാണാനില്ല. കിണറുകൾ മൂടിയ ഷീറ്റിന് മുകളിലായി ഇപ്പോൾ തെരുവുനായ്ക്കളും താവളമാക്കിയിട്ടുണ്ട് . കാടുമൂടിയ ഈ ഭാഗത്ത് ക്ഷുദ്ര ജീവികളുടെ ശല്യനവുമുണ്ട്. സമീപത്തുള്ള പശുക്കുളം പൂർണമായും പായലും പ്ലാസ്റ്റിക്കും നിറഞ്ഞു കിടക്കുകയാണ്. ഉപയോഗ ശൂന്യമായ കുളത്തിന് സമീപം സാമൂഹ്യ വിരുദ്ധർ മലമൂത്ര വിസർജനവും നടത്തുന്നുണ്ട്. കിഴക്കും പാടം , ഗോതീശ്വരം ഭാഗം, ആലിയക്കോട്ട്, അരിക്കനാട്ട് പരിസരം എന്നിവിടങ്ങളിലേക്കെല്ലാം ഈ കിണറുകളിൽ നിന്നാണ് പൈപ്പ് ലൈൻ വഴി കുടിവെള്ളമെത്തിക്കുന്നത്. പ്രാദേശിക കമ്മറ്റിക്കാണ് ശുദ്ധജല വിതരണ പദ്ധതിയുടെ ചുമതല നൽകിയിട്ടുള്ളത്. കുളവും പരിസരവും ശുചീകരിച്ച് അലങ്കാര വിളക്കുകൾ സ്ഥാപിക്കാനും, കൽപ്പടവുകളോടുകൂടി, വെട്ടിച്ചിറ മോഡലാക്കി നിർമ്മിക്കാനും കോർപ്പറേഷൻ രണ്ട് കോടി വകയിരുത്തിയിട്ടുണ്ടെങ്കിലും അത് നടപ്പായിട്ടില്ല. കിണറും കുളവും ശുദ്ധീകരിച്ച് ഉപയോഗ്യമാക്കി മാറ്റും എന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.