കോഴിക്കോട് : രാത്രി നേരത്ത് കോഴിക്കോട് ബീച്ചാശുപത്രിയിൽ ചികിത്സ തേടി പോയാൽ പെട്ടതുതന്നെ. ഡോക്ടറെ കാണാം, പക്ഷേ, മരുന്നു വാങ്ങണമെങ്കിൽ സ്വകാര്യ മെഡിക്കൽ ഷോപ്പുകൾ തന്നെ ശരണം. അതും കിലോമീറ്ററുകൾ പോകണം. ആശുപത്രിയിലെ ഫാർമസിയ്ക്ക് രാത്രി എട്ടുമണിയോടെ ഷട്ടർ വീഴുന്നതിനാൽ രോഗികളും കൂട്ടിരിപ്പുകാരും തെല്ലൊന്നുമല്ല ദുരിതം അനുഭവിക്കുന്നത്. രാവിലെ എട്ടുമണി മുതൽ രാത്രി എട്ടുവരെയാണ് ആശുപത്രിയിലെ ഫാർമസി സമയം. അതുകഴിഞ്ഞാൽ സ്വകാര്യ ഫാർമസികളിൽ നിന്ന് വലിയ തുകയ്ക്ക് മരുന്നു വാങ്ങേണ്ട സ്ഥിതിയാണെന്ന് രോഗികൾ പറയുന്നു. ആശുപത്രിയിലെ ഫാർമസി രാത്രി കാലത്ത് പ്രവർത്തിക്കാത്തതിനാൽ സാധാരണക്കാരായ രോഗികൾ ചെറിയ തുകയ്ക്ക് ലഭിക്കുന്ന മരുന്നുകൾ വാങ്ങാൻ വലിയ തുക ചെലവാക്കി സ്വകാര്യ മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കുകയാണ്. ഈ തുക താങ്ങാൻ കഴിയാത്തവർ മരുന്നിന് നേരം വെളുക്കും വരെ കാത്തിരിക്കണം. ആശുപത്രിയിൽ നാല് ഫാർമസി കൗണ്ടറുകൾ ഉണ്ടെങ്കിലും രാത്രിയായാൽ ഒരെണ്ണം പോലും പ്രവർത്തിക്കില്ലെന്നാണ് ആക്ഷേപം.
ആശുപത്രിയ്ക്ക് മുന്നിൽ സ്വകാര്യ മെഡിക്കൽ ഷോപ്പുകൾ നിരവധി പ്രവർത്തിക്കുന്നുണ്ടെങ്കിലും രാത്രി 10 മണിയായാൽ എല്ലാം അടയ്ക്കും. പിന്നീട് വരുന്ന രോഗികൾക്ക് മരുന്ന് വാങ്ങണമെങ്കിൽ കൂട്ടിരിപ്പുകാരെ ടൗണിലേക്ക് ഓടിക്കണം.
കൂട്ടിരിപ്പുകാർ മരുന്ന് വാങ്ങാൻ പോകുന്ന നേരത്ത് രോഗികൾക്ക് പ്രാഥമികാവശ്യങ്ങൾക്കും മറ്റുമായി വാർഡിലുള്ളവരെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ദിവസവും മൂവായിരത്തിനടുത്ത് രോഗികൾ എത്തുന്ന ബീച്ച് ആശുപത്രിയിൽ രാത്രിയിൽ രോഗികൾ കുറവായതിനാലാണ് ഫാർമസി അടച്ചിടുന്നതെന്നാണ് ജീവനക്കാരുടെ ന്യായീകരണം. എന്നാൽ രാത്രിയിൽ അത്യാഹിത വിഭാഗം ഒ.പിയിൽ നിരവധി രോഗികൾ എത്തുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.
' ഒരു മാസത്തിനകം രാത്രികാലങ്ങളിലും ഫാർമസി തുറന്നു പ്രവർത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും' . ഡോ. ആശാദേവി, ആശുപത്രി സൂപ്രണ്ട്
രാത്രിയിൽ ഫാർമസി തുറന്നു പ്രവർത്തിക്കാത്തത് വലിയ പ്രയാസം സൃഷ്ടിക്കുന്നു. ഒരിക്കൽ രാത്രിയിൽ
പനിയുമായി ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടിറങ്ങുമ്പോഴാണ് ഫാർമസി ഇല്ലെന്നറിയുന്നത്. ഏറെ വൈകിയതിനാൽ ടൗണിലടക്കം സ്വകാര്യ മെഡിക്കൽ ഷോപ്പുകളെല്ലാം അടച്ചിരുന്നു. പിറ്റേന്ന് രാവിലെയാണ് മരുന്ന് വാങ്ങാൻ സാധിച്ചത്. ഈ സ്ഥിതിയ്ക്ക് മാറ്റം വേണം'.
- ആൽബിൻ മാത്യു
പ്രദേശവാസി