cpm

കോഴിക്കോട്: ഗവർണറല്ല ഏത് അപ്പൂപ്പൻ വന്നാലും തടയണമെന്ന് തീരുമാനിച്ചാൽ സി.പി.എം തടയുമെന്ന് ജില്ലാ സെക്രട്ടറി പി. മോഹനൻ. ഗവർണർക്കെതിരെ ഗോബാക്ക് വിളികളുമായി സി.പി.എം കോഴിക്കോട് നഗരത്തിൽ നടത്തിയ മാർച്ച് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മോഹനൻ. മിഠായിത്തെരുവിൽ വന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തടയാൻ സി.പി.എമ്മോ പോഷക സംഘടനകളോ തീരുമാനിച്ചിട്ടില്ല. നാളെ അദ്ദേഹം പുതിയാപ്പ ഹാർബറിൽ മീൻ വാങ്ങിക്കാൻ വന്നാലും തടയില്ല. ഔദ്യോഗിക പരിപാടികൾ മാത്രമാണ് തടയാനും കരിങ്കൊടികാണിക്കാനും തീരുമാനിച്ചത്. അതാണ് നടക്കുന്നത്. ഇല്ലാത്ത കലാപ അന്തരീക്ഷം കേരളത്തിലുണ്ടാക്കി സർക്കാരിനെ അട്ടിമറിക്കാനുള്ള വ്യാമോഹം ആർക്കും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മിഠായിത്തെരുവിൽ നിന്നും അദ്ദേഹം കഴിച്ച ഹലുവയേക്കാൾ ആയിരം ഇരട്ടി മധുരമുള്ളവരാണ് കോഴിക്കോട്ടുകാരെന്ന് അദ്ദേഹം മനസിലാക്കിയതിൽ സന്തോഷമുണ്ടെന്നും മോഹനൻ പറഞ്ഞു. ചടങ്ങിൽ ടി.പി. ദാസൻ അദ്ധ്യക്ഷത വഹിച്ചു. കെ.ദാമോദരൻ, സി.പി.മുസാഫിർ അഹമ്മദ്, എം.ഗിരീഷ്, കെ.കെ.മുഹമ്മദ്, പി.വി.നിർമൽ, എ.പി.അനിൽകുമാർ, പി.നിഖിൽ തുടങ്ങിയവർ സംസാരിച്ചു.