@ബാംബൂ മ്യൂസിക് മുതൽ ഖവാലി വരെ
കോഴിക്കോട് : സാഹസിക ജല കായിക മത്സരങ്ങൾക്കൊപ്പം കലയുടെ മേളപ്പെരുക്കങ്ങൾക്കും ബേപ്പൂർ വേദിയാകും. 26 മുതൽ 29 വരെ നടക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് പ്രശസ്ത ഗായകരും വയലി ബാംബൂ മ്യൂസിക്, തേക്കിൻകാട് ബാന്റ്, അബ്രാകാ ഡാബ്ര, ഹണി ഡ്രോപ്പ് തുടങ്ങിയ മ്യൂസിക് ബാന്റുകളും ബേപ്പൂരിലെത്തും.
ബേപ്പൂർ, ചാലിയം, നല്ലൂർ, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിൽ വൈകിട്ട് ആരംഭിക്കുന്ന പരിപാടികൾ രാത്രിവരെ നീണ്ടുനിൽക്കും. 26ന് വൈകിട്ട് ആറിന് ബേപ്പൂർ ബീച്ചിലാണ് ഉദ്ഘാടനം. തുടർന്ന് പിന്നണി ഗായകൻ ഹരിചരൺ അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും. ചാലിയം ബീച്ചിൽ എ.ആർ.റഹ്മാൻ ഹിറ്റ്സുമായി തേജ് മെർവിനും അൻവർ സാദത്തും എത്തും.
നല്ലൂരിൽ വയലി ബാംബൂ മ്യൂസിക്കിന്റെ മുള ഉപകരണങ്ങൾ ഉപയോഗിച്ചുള്ള സംഗീതം അരങ്ങേറും.
27ന് യുവ പിന്നണി ഗായകരായ സിദ്ധാർത്ഥ് മേനോൻ, നിത്യ മാമൻ എന്നിവരുടെ സംഗീത നിശ ബേപ്പൂരിലും നിഷാദ്, മൃദുല വാരിയർ തുടങ്ങിയവർ പങ്കെടുക്കുന്ന സംഗീത രാവ് ചാലിയത്തും നടക്കും. ആട്ടം കലാസമിതിയുടെയും തേക്കിൻകാട് ബാന്റിന്റെയും സംഗീത പരിപാടി നല്ലൂരിൽ അരങ്ങേറും.
28ന് ബേപ്പൂർ ബീച്ചിൽ പിന്നണി ഗായകൻ ഉണ്ണിമേനോൻ അവതരിപ്പിക്കുന്ന ഉണ്ണിമേനോൻ ഷോയും നടക്കും. ചാലിയത്ത് അഫ്സൽ ഷോയും കോഴിക്കോട് ബീച്ചിലെ കൾച്ചറൽ സ്റ്റേജിൽ റാഫി മകേഷ് നൈറ്റും അരങ്ങേറും. നല്ലൂരിൽ ഹണി ഡ്രോപ്പ് ബാൻഡ് ഷോ, പ്രദീപ് ഹുഡിനോയുടെ മാജിക് ഷോ എന്നിവയും ഉണ്ടാകും.
29 ന് ബേപ്പൂരിൽ സച്ചിൻ വാര്യർ, ആര്യ ദയാൽ ബാന്റിന്റെ സംഗീത പരിപാടിയും നല്ലൂരിൽ അബ്രാകാ ഡാബ്ര ഷോയും ചാലിയത്ത് സമീർ ബിൻസി ഖവാലിയുടെ സംഗീത വിരുന്നും അരങ്ങിലെത്തും.
കബഡി മത്സരം നാളെ
കോഴിക്കോട് : ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചാരണാർത്ഥം നാളെ വൈകിട്ട് അഞ്ചിന് കോഴിക്കോട് ബീച്ചിൽ കബഡി മത്സരം നടക്കും. പുരുഷ- വനിതാ വിഭാഗങ്ങളിലായി നാലു വീതം ടീമുകൾ പങ്കെടുക്കും. 21ന് വൈകിട്ട് അഞ്ചിന് സെപക് തക്രോ മത്സരവും 23 ന് ഫുട്ബോൾ മത്സരവും നടക്കും. 23ന് രാവിലെ ഒമ്പതു മുതൽ 12 വരെ ബേപ്പൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കും. 24ന് രാവിലെ 6.30ന് കോഴിക്കോട് ബീച്ച് മുതൽ ബേപ്പൂർ വരെ മിനി മാരത്തോൺ നടക്കും. ബേപ്പൂരിലും കോഴിക്കോടും ദീപാലങ്കാരം ഒരുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്രയും നടക്കും.