@ എ.ഐ.ടി.യു.സി സമരം 21ന്
കോഴിക്കോട് : പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ ഉയർന്ന പ്രതിഷേധം പുതിയ തലത്തിലേക്ക്. പ്രതിപക്ഷ തൊഴിലാളി യൂണിയനുകളും വ്യാപാരികളും തുടങ്ങിവെച്ച സമരം ഭരണപക്ഷ സംഘടനകൾ ഏറ്റെടുത്തതോടെ മാർക്കറ്റ് മാറ്റം സങ്കീർണമാകും. പാളയം മാർക്കറ്റ് മാറ്റുന്നതിനായി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സംസാരിച്ച സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി.പി.ഐ കൗൺസിലറുമായ പി.കെ.നാസർ 21 നടക്കുന്ന പാളയം ഫൂട്ട് പാത്ത് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും.
എന്നാൽ അദ്ദേഹം പദ്ധതിയ്ക്ക് എതിരല്ലെന്നാണ് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് വ്യക്തമാക്കുന്നത്.
പച്ചക്കറി മാർക്കറ്റ് പൈതൃകം നിലനിർത്തി പാളയത്തു തന്നെ തുടരാനും ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് 21 ന് രാവിലെ 10ന് പാളയത്ത് പാളയം ഫൂട്ട് പാത്ത് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുന്നത്. എന്നാൽ മാർക്കറ്റ് മാറ്രുന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും നിലവിലെ മാർക്കറ്റ് സ്ഥലത്ത് അത്യാധുനിക ടൗൺഷിപ്പ് ഒരുക്കാനുമാണ് കോർപ്പറേഷന്റെ പദ്ധതി. പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്ന നടപടി പുനഃപരിശോധിക്കണമെന്ന് യു.ഡി.എഫ് കൗൺസിൽ യോഗത്തിൽ ഉൾപ്പടെ ആവശ്യം ഉന്നയിച്ചിരുന്നു. യു.ഡി.എഫ് കൗൺസിൽ പർട്ടി നേതാവ് കെ.സി. ശോഭിതയാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. 22 കോടി രൂപ ഇതിനായി ചെലവഴിച്ചാണ് കോർപ്പറേഷൻ പുതിയ മാർക്കറ്റ് നിർമ്മിക്കുന്നതിന് കല്ലുത്താൻകടവിൽ സ്ഥലം ഏറ്റെടുത്തത്. തൊഴിലാളികളുടെയും കച്ചവടക്കാരുടെയും ആശങ്ക പരിഹരിച്ച് മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങളാണ് കോർപ്പറേഷൻ നടത്തുന്നത്. നിലവിൽ 1.62 ഏക്കറുള്ള മാർക്കറ്റിൽ നിന്ന് അഞ്ച് ഏക്കറിലധികമുള്ള സ്ഥലത്തേക്കാണ് മാർക്കറ്റ് മാറ്റുന്നത്. 148 കടക്കാരെ മാറ്റുന്നത് 300ലേറെ കടമുറികളുള്ള സ്ഥലത്തേക്കാണ്. ആരുടെയും തൊഴിൽ നഷ്ടപ്പെടില്ല. ലൈസൻസില്ലാതെ കച്ചവടം നടത്തുന്നവരുടെ കാര്യത്തിലും ഉചിതമായ തീരുമാനമെടുക്കുമെന്ന ഉറപ്പ് കോർപ്പറേഷൻ നൽകിയിട്ടുണ്ട്. നിലവിലെ തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നൽകാനും മാർക്കറ്ര് മാറ്റി ഇവിടെ ടൗൺഷിപ്പ് പണിയാനുമാണ് കോർപ്പറേഷൻ തീരുമാനം.
'എ.ഐ.ടി.യു.സി പ്രതിഷേധ സമരം കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി.പി.ഐ കൗൺസിലറുമായ പി.കെ.നാസറാണ് ഉദ്ഘാടനം ചെയ്യുന്നതെങ്കിലും അദ്ദേഹം പദ്ധതിയ്ക്ക് എതിരല്ല' .
സി.പി. മുസാഫർ അഹമ്മദ് , ഡെപ്യൂട്ടി മേയർ