krishnadas
പി.കെ.കൃഷ്ണദാസ്

കോഴിക്കോട് : കേരളത്തിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരാൻ ഉദ്ദേശ്യമില്ലെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. എന്നാൽ അതിനുള്ള വകുപ്പ് ഭരണഘടനയിലുണ്ടെന്ന് മുഖ്യമന്ത്രി ഓർക്കണം. ജനാധിപത്യപരമായി സി.പി.എമ്മിനെ തോൽപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ത്രിപുരയിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അറുതി വരുത്തിയതും ബംഗാളിൽ ബി.ജെ.പി പ്രധാന പ്രതിപക്ഷമായതും 356ാം വകുപ്പ് ഉപയോഗപ്പെടുത്തിയിട്ടല്ല. ഗവർണർക്കെതിരെ എസ്.എഫ്.ഐ നടത്തുന്ന അക്രമസമരം അവസാനിപ്പിക്കണം. ഗവർണറെ പിൻവലിക്കണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെങ്കിൽ ജനങ്ങളും ബി.ജെ.പിയും ആഗ്രഹിക്കുന്നത് ഗവർണർ തുടരണമെന്നാണ്. ആരിഫ് മുഹമ്മദ് ഖാൻ ആരാണെന്ന് മുഖ്യമന്ത്രിക്കും എസ്.എഫ്.ഐയ്ക്കും ഇതുവരെ മനസിലായിട്ടില്ല. അക്രമം കാണിച്ച് അദ്ദേഹത്തെ പേടിപ്പിക്കാൻ നോക്കേണ്ട. ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയാണ് അദ്ദേഹം തെരുവിലിറങ്ങിയതെന്ന ആരോപണം തെറ്റാണ്. സർവകലാശാലയിൽ ഗവർണർ നിയമിച്ചവർക്ക് യോഗ്യത ഇല്ലെങ്കിൽ സർക്കാരിനും എസ്.എഫ്.ഐക്കും കോടതിയെ സമീപിക്കാം. എ.കെ.ജി സെന്ററിൽ നിന്ന് ലിസ്റ്റ് നൽകുന്നതുപോലെ മാരാർജി ഭവനിൽ നിന്ന് ലിസ്റ്റ് നൽകുന്ന പരിപാടിയില്ല. പഴശ്ശിയുടെ ജന്മം കൊണ്ട് പവിത്രമായ മണ്ണാണ് കണ്ണൂര്. നിരപരാധികളുടെ രക്തം കൊണ്ട് ചുവന്ന ചരിത്രവും കണ്ണൂരിനുണ്ട്. ഇതിന് നേതൃത്വം വഹിച്ചത് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരാണെന്നാണ് ഗവർണർ ചൂണ്ടിക്കാട്ടിയതെന്നും കൃഷ്ണദാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ, വൈസ് പ്രസിഡന്റ് അഡ്വ.കെ.വി.സുധീർ, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യാ ഹരിദാസ് എന്നിവർ പങ്കെടുത്തു.