
കോഴിക്കോട്: മൂലധന സ്വഭാവം സ്വാംശീകരിച്ചതിലൂടെ ഇടതുപക്ഷം ദുർബലമായെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ പറഞ്ഞു. ഇടത്, വലതുപക്ഷങ്ങൾ തമ്മിലുള്ള അതിർത്തി ഏതെന്ന് അറിയാതെയായെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം. മുകുന്ദൻ.
നേരിന്റെ പക്ഷത്തു നിന്ന് സത്യത്തെ സംരക്ഷിക്കുകയെന്ന കടമ നിർവഹിക്കുന്ന ഗൺരഹിത ഗൺമാന്മാരാണ് മാദ്ധ്യമപ്രവർത്തകർ. എഴുത്തുകാരും മാദ്ധ്യമപ്രവർത്തകരും ഒരേ ഉത്തരവാദിത്വം നിർവഹിക്കേണ്ടവരാണെന്നും മുകുന്ദൻ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. കമാൽ വരദൂർ, ഐ.സി.ജെ ഡയറക്ടർ വി.ഇ. ബാലകൃഷ്ണൻ, എൻ. ഗോപിക എന്നിവർ പ്രസംഗിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.എസ്. രാകേഷ് സ്വാഗതവും ട്രഷറർ നജീബ് നന്ദിയും പറഞ്ഞു.