കൊയിലാണ്ടി: ആരോഗ്യ മന്ത്രി വീണാ ജോർജ് ആർദ്രം പദ്ധതിയുടെ ഭാഗമായി താലൂക്ക് ആശുപത്രി സന്ദർശിച്ച് ഒരു മാസം പിന്നിട്ടിട്ടും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പ്രശ്നങ്ങളെല്ലാം പഴയപടി തന്നെ. എക്സ് റേ പ്രവർത്തനം നിലച്ചിട്ട് ഒരാഴ്ചയായി . മോർച്ചറിയിലെ ഫ്രീസർ കേടായി കിടക്കുകയാണ്. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഇപ്പോഴും മുപ്പത് രോഗികൾക്ക് മാത്രമാണ് നല്കുന്നത്. പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ ആശുപത്രിയിലെത്തുന്ന വാഹനങ്ങൾ ദേശീയ പാതയോരത്താണ് പാർക്ക് ചെയ്യുന്നത്. കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശനം കഴിഞ്ഞ് നടന്ന അവലോകനയോഗത്തിൽ മന്ത്രി, താലൂക്ക് ആശുപത്രിയിലെ പ്രശ്നപരിഹാരത്തിന് മുന്തിയ പരിഗണന നല്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടിനെ ഓഫീസിൽ തടഞ്ഞിരുന്നു.തുടർന്ന് പോലീസെത്തി പ്രവർത്തകരെ നീക്കം ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച നടന്ന ആശുപത്രി വികസന യോഗത്തിൽ ഈ വിഷയങ്ങൾ ചർച്ച ചെയാതതിനെ തുടർന്ന് എക്സ്റേ യൂണിറ്റ് ഉടൻ തന്നെ റിപ്പയർ ചെയ്തു പ്രവർത്തനയോഗ്യമാക്കുമെന്നും മോർച്ചറിയിൽ ഫ്രീസർ സൗകര്യം ഉറപ്പ് വരുത്തുമെന്നും ആശുപത്രി സൂപ്രണ്ട് ഉറപ്പ് നല്കിയിട്ടുണ്ട്.
പഴയ കെട്ടിടം പൊളിച്ച സ്ഥലം താല്കാലിക പാർക്കിംഗിന് ഉപയോഗപ്പെടുന്നുമെന്നും തീരുമാനമായി. രണ്ടായിരത്തിലധികം രോഗികൾ എത്തുന്ന ആശുപത്രിയാണിത്. എക്സറേ മുടങ്ങിയതോടെ സ്വകാര്യ സ്ഥാപനങ്ങളെയാണ് രോഗികൾ ആശ്രയിക്കുന്നത്. മോർച്ചറിയിൽ ഫ്രീസർ ഇല്ലാത്തതിനാൽ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് സൂക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ആശുപത്രി വികസന സമിതി എടുത്ത തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുമോ എന്നാണ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നവർ ചോദ്യക്കുന്നത്.