kalam
കോർപ്പറേഷൻ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കണ്ടംകുളം ജൂബിലി ഹാളിൽ പാരമ്പര്യ കളമെഴുത്ത് കലാകാരനായ സുധീർ മുള്ളൂർക്കരയും കുടുംബവും നാഗക്കളം വരയ്ക്കുന്നു

കോഴിക്കോട്: ഉറഞ്ഞാടിയ തീചാമുണ്ഡിയും കളംനിറഞ്ഞ നാഗവും നഗരവാസികൾക്കും വിദ്യാർത്ഥികൾക്കും പകർന്നു നൽകിയത് വേറിട്ട അനുഭവം. കോർപ്പറേഷൻ വജ്രജൂബിലി ആഘോഷത്തിന്റെയും കോഴിക്കോടിന് സാഹിത്യ നഗര പദവി ലഭിച്ചതിന്റെയും പശ്ചാത്തലത്തിൽ കണ്ടംകുളം ജൂബിലി ഹാളിലും മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലുമായി 24 വരെ സംഘടിപ്പിക്കുന്ന കോകോ ഫോക് ഫെസ്റ്റിവലിലാണ് തീ ചാമുണ്ടി കെട്ടിയാട്ടവും കളമെഴുത്തും നടന്നത്. ഇന്നലെ രാവിലെ മുതൽ ജൂബിലി ഹാളിലായിരുന്നു കളമെഴുത്ത് പ്രദർശനവും ശിൽപശാലയും നടന്നത്. അഷ്ടനാഗം, സ്വസ്തി, ഭദ്രകാളി എന്നീ കളമെഴുത്തുകൾ വിസ്മയമായി. രാത്രി എട്ടുമണിയോടെ ക്രിസ്ത്യൻ കോളേജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറിയ തീചാമുണ്ടി കാണാൻ നിരവധി പേരെത്തി. കളരിപ്പയറ്റ്, തിരി ഉഴിച്ചിലും പാട്ടും എന്നിവയും നടന്നു.

കണ്ടംകുളം ജൂബിലി ഹാളിൽ നടനും സാംസ്‌കാരിക പ്രവർത്തകനുമായ വി .കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.സി. രാജൻ, പി. ദിവാകരൻ, ഡോ. എം. ദാസൻ എന്നിവർ പ്രസംഗിച്ചു. നഗരാസൂത്രണ സ്ഥിരംസമിതി അദ്ധ്യക്ഷ കൃഷ്ണകുമാരി സ്വാഗതവും കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി നന്ദിയും പറഞ്ഞു.

ഇന്ന് ജൂബിലി ഹാളിൽ കളം പ്രദർശനം, കഥാ ഗാന പരമ്പര്യത്തെക്കുറിച്ചുള്ള സെമിനാർ, മുടിയേറ്റ് എന്നിവ നടക്കും. 'നാളെ നാടൻ കലകളുടെ കരുത്തും സൗന്ദര്യവും' സെമിനാർ, പൂരക്കളി, യക്ഷഗാനം എന്നിവ അരങ്ങേറും. 23 ന് 'പൈതൃകവും സാഹിത്യവും' സെമിനാർ,​ ചവിട്ടുനാടകം, ദഫ് മുട്ട്, കോൽക്കളി, പടയണി എന്നിവ നടക്കും. 24 ന് മുഖത്തെഴുത്ത്, വനിതാ തായമ്പക തുടിതാളം, തിറയാട്ടം, ചൂട്ടുകളി എന്നിവ നടക്കും. എല്ലാ ദിവസവും കളം പ്രദർശനവും ചമയം പ്രദർശനവും ഉണ്ടാവും. കലാകാരൻമാർ അനുഭവം പങ്കുവെക്കുന്ന 'നേർസാക്ഷ്യം' പരിപാടിയും ഒരുക്കുന്നുണ്ട്.