
കോഴിക്കോട്: രാജ്യത്തെ നഗര വികസനത്തിന് ഇനി കാലിക്കറ്റ് ഐ.ഐ.ടിയുടെ കരങ്ങളും. നഗരാസൂത്രണത്തിലും രൂപകൽപ്പനയിലും മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്തതോടെയാണിത്.
രാജ്യത്തെ 560 സ്ഥാപനങ്ങളാണ് മികവിന്റെ കേന്ദ്രമാവാൻ അപേക്ഷ നൽകിയത്. ഇതിൽ നിന്നാണ് നഗരാസൂത്രണത്തിന്റെയും രൂപകൽപ്പനയുടെയും മികവിന്റെ കേന്ദ്രമായി കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം കാലിക്കറ്റ് എൻ.ഐ.ടിയെ തിരഞ്ഞെടുത്തത്. രാജ്യത്തെ ആദ്യത്തെ മികവിന്റെ കേന്ദ്രമായി കാലിക്കറ്ര് എൻ.ഐ.ടി മാറി. കഴിഞ്ഞ 15നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വന്നത്. മികവ് പ്രകടിപ്പിക്കുന്ന ഡിപ്പാർട്ട്‌മെന്റ് ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗി(ഡി.എ.പി) ന്റെ നേതൃത്വത്തിൽ സമർപ്പിച്ച സമഗ്രമായ പ്രോജക്ടിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം.
മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനത്തിന് ഭവന, നഗരകാര്യ മന്ത്രാലയം 250 കോടി രൂപ എൻഡോവ്‌മെന്റ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. 2022 - 23 ലെ കേന്ദ്ര ബഡ്ജറ്റിലാണ് പദ്ധതിയുടെ പ്രഖ്യാപനം .നഗരാസൂത്രണത്തിലും രൂപകൽപ്പനയിലും മികവ് വർദ്ധിപ്പിക്കാനും കൺസൾട്ടൻസി, ആധുനിക സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള നിർമ്മാണ ശൈലി പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ടുള്ള മൾട്ടി, ട്രാൻസ് ഡിസിപ്ലിനറി പഠനത്തിനും ഗവേഷണത്തിനുമുള്ള ഇടമായാണ് എൻ.ഐ.ടി കാലിക്കറ്റിലെ മികവിന്റെ കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. മെച്ചപ്പെട്ട ജീവിത നിലവാരം, നഗര സൗന്ദര്യം, സാമ്പത്തിക അവസരങ്ങൾ എന്നിവയുള്ള നഗരപ്രദേശങ്ങൾ സൃഷ്ടിക്കുന്നതിന് സംഭാവന നൽകുക, ദേശീയ വളർച്ചയ്ക്ക് ഉത്തേജകമായി പ്രവർത്തിക്കുക എന്നിവയാണ് ലക്ഷ്യം.
നഗരാസൂത്രകനും എൻ.ഐ.ടി കോഴിക്കോട് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് വിഭാഗം പ്രൊഫസറുമായ ഡോ. പി. പി. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് എൻ.ഐ.ടി.സിയിലെ മികവിന്റെ കേന്ദ്രം നിലവിൽ വരുന്നത്. ദക്ഷിണേന്ത്യയുടെ നഗര വികസനത്തിൽ കാലിക്കറ്റ് എൻ.ഐ.ടി മുഖ്യ പങ്ക് വഹിക്കും. സ്മാർട്ട് സിറ്റികളുടെ നിർമ്മാണം പോലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യും.
'എട്ട് വർഷം മുമ്പ് ആരംഭിച്ച നഗരാസൂത്രണ വകുപ്പിനിത് പ്രധാന നേട്ടമാണ് '
-ഡോ. പി.പി. അനിൽകുമാർ
(ടീം ലീഡർ)
' സാമൂഹ്യ പ്രതിബദ്ധത നിറവേറ്റാനും ഉത്തരവാദിത്തങ്ങൾ പൂർണമായി നിറവേറ്റാനും ശ്രമിക്കുകയാണ്."
-പ്രൊഫ. പ്രസാദ് കൃഷ്ണ
( എൻ.ഐ.ടി.സി ഡയറക്ടർ)