
കോഴിക്കോട് : 2000 പൊലീസുകാരുടേയും 150 വാഹനങ്ങളുടേയും പാർട്ടി ഗുണ്ടകളുടേയും ക്രിമിനലുകളുടേയും അകമ്പടിയിൽ നടക്കുന്ന മുഖ്യമന്ത്രിയെ ഭീരുവെന്ന് വിളിച്ചപ്പോൾ പൊട്ടിത്തെറിച്ചത് മാനേജ്‌മെന്റ് ക്വാട്ടയിൽ മന്ത്രിയായ ആളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ഞാൻ മാനേജ്മെന്റ് ക്വാട്ടയിൽ വന്നതല്ല. പൊതുമരാമത്ത് മന്ത്രിയുടെ നാവ് ഇപ്പോൾ റെഡിയായി എന്നറിഞ്ഞതിൽ സന്തോഷം. മാസപ്പടി വിവാദം വന്നപ്പോൾ അദ്ദേഹം നാവ് ഉപ്പിലിട്ടു വച്ചിരിക്കുകയായിരുന്നു. കണ്ണാടി നോക്കിയാൽ പ്രതിപക്ഷ നേതാവ് ലജ്ജ കൊണ്ട് മുഖം കുനിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. അഭിമാനത്തോടെ തല ഉയർത്തി നിൽക്കാവുന്ന കാര്യങ്ങളേ ഞാൻ ചെയ്തിട്ടുള്ളൂ. അത് ഓരോരുത്തരുടെയും ആത്മവിശ്വാസമാണ്. വിലയിരുത്തേണ്ടത് ജനങ്ങളാണ്. മന്ത്രി കണ്ണാടി നോക്കിയാൽ എങ്ങനെ ഈ സ്ഥാനത്ത് എത്തിയതെന്നതിന്റെ പൂർവകാല കഥകൾ അറിയും. കോഴിക്കോട്ട് മത്സരിക്കാനെത്തിയപ്പോൾ എം.പി. വീരേന്ദ്രകുമാർ പറഞ്ഞത് മുതൽ മാനേജ്‌മെന്റ് ക്വാട്ടയിൽ മാന്ത്രിയായത് വരെയുള്ള മുഴുവൻ കാര്യങ്ങളും തെളിയും. ആരാണ് നാണിച്ച് തലതാഴ്ത്തുകയെന്ന് അപ്പോൾ ബോദ്ധ്യമാകും. മുഖ്യമന്ത്രിയെ വിമർശിച്ചാൽ മന്ത്രി
റിയാസിന് മാത്രമേ നോവുന്നുള്ളു. വേറെയാർക്കും നോവുന്നില്ല. മറുപടി പറയാൾ അദ്ദേഹം മാത്രമേയുള്ളൂ-സതീശൻ പറഞ്ഞു.