കോഴിക്കോട് : ഭരണ- പ്രതിപക്ഷ തർക്കത്തെ തുർന്ന് ജില്ലാ ആസൂത്രണ സമിതി തിരഞ്ഞെടുപ്പ് അലസി പിരിഞ്ഞു. ഭരണകക്ഷിയായ എൽ.ഡി.എഫ് അംഗങ്ങൾ നാമനിർദ്ദേശ പത്രിക നൽകാൻ വൈകിയതിനെതിരെ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചതോടെ തർക്കത്തിൽ കലാശിക്കുകയും തിരഞ്ഞെടുപ്പ് നിറുത്തിവെയ്ക്കുകയുമായിരുന്നു. വൈകി സമർപ്പിച്ച എൽ.ഡി.എഫ് പത്രിക തള്ളണമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. എന്നാൽ പത്രിക നൽകാൻ വൈകിയിട്ടില്ലെന്നും യു.ഡി.എഫുണ്ടാക്കിയ അനാവശ്യ തർക്കത്തിൽ തിരഞ്ഞെടുപ്പ് നിറുത്തിവെച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും എൽ.ഡി.എഫ് ആരോപിച്ചു.
ജില്ലാ ആസൂത്രണ കമ്മിറ്റിയിൽ ഒഴിവ് വന്ന രണ്ട് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളായി വിമല, എം.പി. ശിവാനന്ദൻ എന്നിവരും യു.ഡി.എഫ് സ്ഥാനാർത്ഥികളായി ടി.പി.എം ഷെറഫുന്നീസയും ബോസ് ജേക്കബുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. സ്ഥാനാർത്ഥികൾ രാവിലെ 11ന് മുമ്പായി വരണാധികാരിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കണമെന്നായിരുന്നു നിർദ്ദേശം. യു.ഡി.എഫ് അംഗങ്ങൾ 11ന് മുമ്പ് തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എന്നാൽ അഞ്ച് മിനിറ്റ് വൈകിയെന്ന് ആരോപിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പത്രിക തള്ളണമെന്നായിരുന്നു യു.ഡിഎഫിന്റെ ആവശ്യം. എന്നാൽ കൃത്യസമയത്ത് തന്നെ പത്രിക സമർപ്പിച്ചുവെന്ന വാദവുമായി ഭരണപക്ഷവും തർക്കിച്ചു. ഇതോടെ കളക്ടർ തിരഞ്ഞെടുപ്പ് നിർത്തിവെയ്ക്കുകയും തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് ചെയ്യുമെന്ന് അറിയിക്കുകയുമായിരുന്നു.
എൽ.ഡി.എഫിന് പതിനെട്ടും യു .ഡി .എഫിന് ഒമ്പതു അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തിൽ ആസൂത്രണ സമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം സുനിശ്ചിതമാണ്. യു.ഡി.എഫ് അംഗങ്ങളുടെ ബഹളത്തിൽ തിരഞ്ഞെടുപ്പ് നടപടികളിൽ നിന്ന് പിന്നോട്ടുപോയ കളക്ടറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് എൽ.ഡി.എഫ് ആരോപിച്ചു. യോഗത്തിൽ പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ സുരേഷ് കൂടത്താങ്കണ്ടി, അഡ്വ. പി. ഗവാസ്, മുക്കം മുഹമ്മദ്, എം. പി. ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു. എൽ.ഡി.എഫ് അംഗങ്ങളുടെ ചട്ടലംഘനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യു.ഡി.എഫ് കക്ഷി നേതാവ് ഐ.പി .രാജേഷ്, വി,പി. ദുൽഖിഫിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.