വേതനം തുച്ഛം, ക്ഷാമബത്തയുമില്ല
കോഴിക്കോട് : പരാതികൾക്കെല്ലാം ഉടൻ പരിഹാരവുമായെത്തിയ നവകേരള സദസും കൈവിട്ടതോടെ പ്രതിസന്ധിയിൽ നീറി സ്കൂൾ പാചക തൊഴിലാളികൾ. കൂലി വർദ്ധന, ക്ഷാമ ബത്ത തുടങ്ങി നൂറുകൂട്ടം പരാതികളുമായി സ്കൂൾ പാചക തൊഴിലാളികൾ നവകേരള സദസിലുമെത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ല വിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും പരാതികളെല്ലാം ഫയലിൽ തന്നെ.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ക്ഷാമബത്ത, വെയിറ്റേജ്, 250 കുട്ടികൾക്ക് ഒരു പാചക തൊഴിലാളി എന്ന അനുപാതം പുനസ്ഥാപിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളോട് അധികൃതർ മുഖംതിരിച്ചുനിൽക്കുന്നതാണ് തൊഴിലാളികൾ പറയുന്നത്. 500 കൂട്ടികൾക്ക് ഒരാൾ എന്ന അനുപാതത്തിലാണ് പാചക തൊഴിലാളികൾ ഇപ്പോഴും ജോലി ചെയ്യുന്നത്. ദിവസ വേതനാടിസ്ഥാനത്തിൽ 600 രൂപ ലഭിക്കും. പി.എഫ്, ഗ്രാറ്റ്വിറ്റി, ഇൻഷ്വറൻസ്, ചികിത്സാചെലവ് എന്നിവയൊന്നും ഇവർക്കില്ല.
13611 പാചക തൊഴിലാളികൾ കേരളത്തിലെ സ്കൂളുകളിൽ ജോലി ചെയ്യുന്നുണ്ട് . 6500 ഓളം പേർ ഇവരുടെ സഹായികളായും ജോലി ചെയ്യുന്നു. സഹായികൾക്ക് പ്രത്യേക വേതനം ഇല്ല. പാചക തൊഴിലാളികൾക്ക് കിട്ടുന്ന 600 രൂപയിൽ നിന്ന് വേണം സഹായികൾക്ക് കൂലി കൊടുക്കാൻ. ഓരോ ആറുമാസത്തിലും തൊഴിലാളികൾ മെഡിക്കൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിനായി ഓരോ തവണയും 2000 മുതൽ 3000 രൂപ വരെയാണ് ചെലവാകുന്നത്. എന്നാൽ ഇതിനൊന്നും പ്രത്യേക ആനുകൂല്യങ്ങൾ ഇവർക്ക് അനുവദിക്കുന്നില്ല. തമിഴ്നാട്ടിലും മറ്റും സ്കൂൾ പാചക തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിച്ചു കഴിഞ്ഞു. കേരളത്തിലും സർക്കാർ ജീവനക്കാരായി അംഗീകരിച്ച് ആവശ്യമായ ആനുകൂല്യങ്ങൾ നൽകണമെന്നാണ് പാചക തൊഴിലാളികളുടെ ആവശ്യം. ഇത്തരം ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് തൊഴിലാളികൾ.
' വർഷങ്ങളായി ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ പണിയെടുക്കുന്നവരാണ് സ്കൂൾ പാചക തൊഴിലാളികൾ. ജീവിതത്തിന്റെ പകുതിയിലധികവും സ്കൂളിലെ അടുക്കളയിൽ വെന്ത് തീരുന്ന തൊഴിലാളികളെ ഇടത് സർക്കാരും കൈവിടുകയാണ്. ഇതിനെതിരെ സ്കൂൾ പാചക തൊഴിലാളി സംഘടന
(എച്ച്.എം.എസ്) ഇന്ന് കളക്റേറ്റിന് മുന്നിൽ പ്രതിഷേധിക്കും.
ടി.കെ.ബാലഗോപാലൻ, ജില്ലാ പ്രസിഡന്റ്, സ്കൂൾ പാചക തൊഴിലാളി സംഘടന.