@ പദ്ധതി നടപ്പാക്കുന്നത്
മദ്രാസ് ഐ.ഐ.ടിയുടെ
സഹകരണത്തോടെ
കോഴിക്കോട്: കാമ്പസിലെ മാലിന്യ സംസ്‌കരണ സൗകര്യം വർദ്ധിപ്പിക്കാൻ നൂതന പദ്ധതിയുമായി കോഴിക്കോട് എൻ.ഐ.ടി. മദ്രാസ് ഐ.ഐ.ടിയുടെ സഹകരണത്തോടെയാണ് പദ്ധതി തയ്യാറാക്കുക. കാമ്പസിലെ മലിനജല സംസ്‌കരണ പ്ലാന്റുകളുടെ നവീകരണമായിരിക്കും ആദ്യം . പ്രതിദിനം 475 കിലോ ലിറ്റർ മലിന ജലം സംസ്‌കരിക്കുന്ന ആധുനിക പ്ലാന്റാണ് ലക്ഷ്യം വയ്ക്കുന്നത്. മദ്രാസ് ഐ.ഐ.ടിയിലെ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി- ജലവിഭവ എൻജിനിയറിംഗ് ഡിവിഷനിൽ വിദഗ്ദ്ധയായ പ്രൊഫ. ലിജി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം കാലിക്കറ്റ് എൻ.ഐ.ടിയിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകളും മറ്റ് സൗകര്യങ്ങളും സന്ദർശിച്ചു.
മാലിന്യ സംസ്‌കരണ പ്ലാന്റിന്റെയും പൈപ്പുകളുടെയും ഹൈഡ്രോളിക് പ്രൊഫൈൽ മാപ്പിംഗ് നടത്താൻ പ്രൊഫ. ലിജി ഫിലിപ്പ് നിർദ്ദേശിച്ചു. സൂക്ഷ്മ പരിശോധന മലിനജല ഒഴുക്ക് മെച്ചപ്പെടുത്താനും മാലിന്യ സംസ്‌കരണ സംവിധാനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അവർ പറഞ്ഞു. മലിനജല സംസ്‌കരണ സംവിധാനത്തിന്റെ ഗ്രിറ്റ് ചേമ്പറിന് ചില പരിഷ്‌ക്കരണങ്ങൾ വിദഗ്ദ്ധർ നിർദ്ദേശിച്ചു. കോഴിക്കോട് എൻ.ഐ.ടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ, പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് വിഭാഗം ഡീൻ പ്രൊഫ. പ്രിയ ചന്ദ്രൻ, അസോ. ഡീൻ ഡോ. അനന്ത സിംഗ്, എൻജിനിയറിംഗ് യൂണിറ്റ് സൂപ്രണ്ടിംഗ് എൻജിനിയർ എസ്. ശ്രീനേഷ്, എക്‌സിക്യൂട്ടീവ് എൻജിനിയർമാരായ ടോമിൻ സണ്ണി, എം. വിശ്വനാഥ്, സൗഗതോ ഡേയ് എന്നിവരുമായി പ്രൊഫ. ലിജി ഫിലിപ്പ് ചർച്ച നടത്തി.
'ഇന്ത്യയിലെ ഏറ്റവും മികച്ച വിദഗ്ദ്ധരുമായി സഹകരിച്ച് മാലിന്യ സംസ്‌കരണ സംവിധാനം നവീകരിക്കാനാണ് കാലിക്കറ്റ് എൻ.ഐ.ടി ശ്രമിക്കുന്നത്. അത്യാധുനിക മാലിന്യ സംസ്‌കരണ സൗകര്യങ്ങൾ അവതരിപ്പിക്കുന്നതിനും നിലവിലെ സംവിധാനം നവീകരിക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണ് . പ്ലാസ്റ്റിക്കിനും മറ്റ് ഖര മാലിന്യ സംസ്‌കരണത്തിനുമുള്ള സമഗ്രമായ പദ്ധതി പരിഗണനയിലുണ്ട് '.
പ്രൊഫ.പ്രസാദ് കൃഷ്ണ , ഡയറക്ടർ, കാലിക്കറ്റ് എൻ.ഐ.ടി