വടകര : മഴ മാറിയതോടെ കരിമ്പനത്തോട്ടിലെ വെള്ളം കറുത്തിരുണ്ടു ദുർഗന്ധവും തുടങ്ങി. വരും മാസങ്ങളിൽ പ്രശ്നം രൂക്ഷമാകും. നാരായണ നഗരം മുതൽ പടിഞ്ഞാറ് കുട്ടിയാമിപ്പാലം വരെ തോടിന്റെ ഇരു കരയിലുമുള്ള വീട്ടുകാർക്ക് വരും മാസങ്ങളിൽ ദുരിതം ഏറും .
നഗരസഭയിലെ 24, 26, 42 വാർഡുകളിലായി ആയിരത്തോളം വീട്ടുകാരാണ് ഇതിന്റെ ഇരകളാകുന്നത്. പരിസരങ്ങളിലെ കിണറുകളും കുടിവെള്ളമെടുക്കാൻ പറ്റാത്ത സ്ഥിതിയിലാകും.
നഗരത്തിലെ കെട്ടിടങ്ങളിൽ നിന്ന് സെപ്റ്റിക് മാലിന്യം തോട്ടിലേക്ക് വരുന്നതാണ് വെള്ളം കറുത്തിരുണ്ട് രൂക്ഷ ഗന്ധമുണ്ടാക്കുന്നത്. നാട്ടുകാരുടെ ചെറു പ്രതിഷേധങ്ങളും തുടർന്ന് ആരോഗ്യ വിഭാഗത്തിന്റെയും നഗരസഭ പ്രതിനിധികളുടേയും ഈ വർഷത്തെ പരിശോധനകളും നടന്നു. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇത് തുടരുന്നു. എന്നാൽ ശാശ്വത പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുമില്ല.
കഴിഞ്ഞ വർഷങ്ങളിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് തോടിന്റെ ചില ഭാഗത്ത് മതിൽ കെട്ടി മണ്ണിടിച്ചിൽ ഒഴിവാക്കിയിട്ടുണ്ട്. മഴക്കാലത്ത് തെളിഞ്ഞ വെള്ളത്തിൽ തോണിയിറക്കി കരിമ്പനത്തോടിനെ ടൂറിസം വികസനത്തിലെത്തിച്ചതായി വാർത്തയാക്കിയിരുന്നു. അതേ ഇടങ്ങളിൽ തന്നെയാണ് മലിന ജല പ്രശ്നം നിലനിൽക്കുന്നത്.
പൊതുവായി ഒരു ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാതെ, ഹോട്ടലുകളെക്കൊണ്ടും ലോഡ്ജുകളെക്കൊണ്ടും സ്വന്തം നിലയിൽ മാലിന്യ നിർമ്മാർജന സംവിധാനം സ്ഥാപിക്കുന്നതിനായാണ് വടകര നഗരസഭ ശ്രമിക്കുന്നത്. സമഗ്രമായ അഴുക്കുചാൽ പദ്ധതി നടപ്പിലാക്കിയും, കേന്ദ്രീകൃത സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചും ശാശ്വത പരിഹാരം കാണുകയാണ് ചെയ്യേണ്ടത്. നഗരവികസനത്തിനും കരിമ്പനത്തോട് പ്രശ്നപരിഹാരത്തിനും ഇത് അനിവാര്യമാണ്. എം. അബ്ദുൾ സലാം, പ്രസിഡന്റ് , വടകര മർച്ചന്റ് അസോസിയേഷൻ