പേരാമ്പ്ര: കടിയങ്ങാട് - പെരുവണ്ണാമൂഴി , പൂത്തോട് റോഡിന്റെ നവീകരണത്തിന്റെ ഭാഗമായിടാറിംഗ് കഴിഞ്ഞിട്ടും ഓവുചാലിൽ തള്ളിയ മണ്ണ് നീക്കം ചെയ്തില്ലെന്ന് പരാതി. പന്തിരിക്കര - പള്ളിക്കുന്ന് ഭാഗത്ത് 150 മീറ്റർ നീളമുള്ള ഓവുചാൽ മണ്ണ് നിറഞ്ഞ് കാടുമൂടിയ നിലയിലാണെന്ന് പ്രദേശവാസികൾ പറഞ്ഞു. റോഡ് നവീകരണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നിന്നും മാറ്റിയ മണ്ണ് പൂർണമായും നീക്കാത്തതാണ് കാരണം.
മഴക്കാലത്ത് ഒലിച്ചിറങ്ങുന്ന മലിന ജലം ഓവുചാൽ ഇല്ലാത്തതു കാരണം നേരിട്ട് റോഡിലേക്ക് പതിക്കുന്നത് റോഡ് തകർച്ചയ്ക്കു കാരണമാകുമെന്നും പെട്ടെന്നു തന്നെ ഓവുചാലിലെ മണ്ണ് നീക്കം ചെയ്ത് മലിന ജലം ഒഴുക്കിവിടാൻ സൗകര്യമൊരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇത് നേരത്തെ കരാറുകാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുമുണ്ടായിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.