കോഴിക്കോട്: ക്രിസ്മസ് ന്യൂയറോടനുബന്ധിച്ച് എക്സൈസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലൂടെ കുടുങ്ങിയത് 242 ലഹരി കടത്തുകാർ. ഈ മാസം 5 മുതൽ നടന്ന പരിശോധനകളിലാണ് ഇത്രയും പേർ കുടുങ്ങിയത്. എക്‌സൈസിന്റെ നേതൃത്വത്തിൽ 398 പരിശോധനകളാണ് നടന്നത്. 99 അബ്കാരി കേസുകളിലായി 71 പേരും നാർക്കോട്ടിക് ഡ്രഗ് വിഭാഗത്തിൽ 31 കേസുകളിലായി 34 പേരുമാണ് പിടിയിലായത്. എറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് പുകയില ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട കേസിലാണ്.137 കേസുകളിലായി 137 പേരെ പിടികൂടി. 27400 രൂപ പിഴ ഈടാക്കി. അബ്കാരി കേസുകളുമായി ബന്ധപ്പെട്ട് ആറ് വാഹനങ്ങൾ പിടിച്ചെടുക്കുകയും 1000 രൂപ പിഴ ഈടാക്കുകയും ചെയ്തു. നാർക്കോട്ടിക് ഡ്രഗ് വിഭാഗത്തിൽ നാല് വഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ഡ്രൈവ് ജനുവരി അഞ്ച് വരെ നീണ്ടുനിൽക്കും. ക്രിസ്മ്സും പുതുവത്സരവും കണക്കിലെടുത്ത് കേസുകൾ ഇനിയും ഉയരാനാണ് സാധ്യത. ജില്ലയിൽ എറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് താമരശേരി ഭാഗത്താണെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ അറിയിച്ചു. 24 മണക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം, സ്ട്രൈക്കിംഗ് ഫോഴ്സ്, രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിന് ഇന്റലിജൻസ് ടീം എന്നിവ പ്രവർത്തന സജ്ജമാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിൽ ലഹരി ഉപയോഗം വനർദ്ധിക്കുന്നതിനാൽ ഇത്തരം തൊഴിലാളികളുടെ താമസ സ്ഥളങ്ങളിലും ക്യാമ്പുകളിലും മിന്നൽ പരിശോധനകളും നടത്തുന്നുണ്ട്. കർണാടക, മാഹി എന്നിവിടങ്ങളിൽ നിന്ന് ലഹരി മരുന്നുകൾ വൻ തോതിൽ എത്താൻ സാധ്യതയുള്ളതിനാൽ ബോർഡിംഗ് പട്രോളിംഗ്, ഹൈവേ പട്രോളിംഗ്, ബൈക്ക് പട്രോളിംഗ് എന്നിവ ശക്തമാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിംഗ് നടത്തുന്നതിനും പരാതികളിൽ നടപടികൾ കൈക്കൊള്ളുന്നതിനും 24മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ഉണ്ട്.
കൂടുതൽ കേസുകൾ പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ടത്
@ കേസുകൾ
അബ്കാരി: 99
മയക്കുമരുന്ന്: 31
പുകയില ഉത്പന്നങ്ങൾ കടത്ത്: 137 പിടികൂടിയ ഉത്പന്നങ്ങൾ- ഒമ്പത് കിലോ
@ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ
വാഷ് -5640 ലിറ്റർ
വിദേശ നിർമിത മദ്യം - 123.15 ലിറ്റർ
കഞ്ചാവ് -0.986 ഗ്രാം
പുകയില ഉത്പ്പന്നങ്ങൾ 30.88 കിലോ
ചാരായം- 211.2 ലിറ്റർ
എം.ഡി.എം.എ- 260 ഗ്രാം
ഹാഷിഷ്- 42.6 ഗ്രാം
ബ്രൗൺ ഷുഗർ- 0.5 ഗ്രാം
പൊതുജനങ്ങൾക്ക് 0495 2372927 എന്ന നമ്പറിൽ പരാതികൾ അറിയിക്കാം. സുരേഷ് കെ.എസ് ,
അസി എക്സൈസ് കമ്മിഷണർ