കോഴിക്കോട്: കേന്ദ്ര സർക്കാർ നാഫെഡ് മുഖേന നടത്തുന്ന കൊപ്ര സംഭരണത്തിനായി കേരളത്തിൽ കൂടുതൽ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എം.കെ രാഘവൻ എം.പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
2023 ജൂലായ് ഏഴിന് അനുമതി ലഭിച്ച് അഞ്ച് മാസം പിന്നിട്ടിട്ടും 873 ടൺ കൊപ്ര മാത്രമാണ് കേരളം സംഭരിച്ചത്. സംഭരിച്ച പച്ച തേങ്ങ കൂടി കണക്കിലെടുക്കുകയാണെങ്കിൽ 1173 ടൺ മാത്രമാണ് ആകെ ആകെ കൈമാറാനാവുക. ഇക്കാരണത്താൽ തന്നെ കേരളത്തിലെ കർഷകർക്ക് പദ്ധതികൊണ്ട് പ്രയോജനം ലഭിച്ചില്ല.
ഈ വർഷത്തെ സംഭരണ തീയതി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ മാർച്ച് വരെ നീട്ടുകയാണെങ്കിൽ സംഭരണത്തിനായി കൃഷി വകുപ്പിന്റെയും, സഹകരണ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ സംഭരണം നടത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
കൂടാതെ കൊപ്രയുടെ വില നാഫെഡിൽ നിന്നും നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളലേക്ക് എത്തുന്നതിനാൽ കർഷകർക്ക് ഏറെ പ്രയോജനകരമാവുമെന്നും എം.പി വ്യക്തമാക്കി.