2
1

കോഴിക്കോട്: കേരളത്തിന്റെ വികസന നേട്ടങ്ങളാണ് കെ. കരുണാകരനുള്ള നിത്യസ്മാരകങ്ങളെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ.കരുണാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെടുമ്പാശ്ശേരി വിമാനത്താവളം ഉൾപ്പെടെ ചെറുതും വലുതുമായ പദ്ധതികൾ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായിരുന്നു. വിവാദവും ധൂർത്തും കലാപാഹ്വാനവും നടത്തി ഭരണാധികാരികൾ ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുന്ന ഇന്നത്തെ കാലത്തും ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവും ഭരണാധികാരിയുമാണ് കെ. കരുണാകരൻ.
കേരളം കണ്ട മികച്ച ഭരണാധികാരിയും ജനപ്രതിനിധിയുമായിരുന്നു ലീഡർ. കേരള നിയമയിൽ ഒമ്പത് അംഗങ്ങളിലേക്ക് ചുരുങ്ങിയ കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് യു.വി. ദിനേശ് മണി, കെ.പി.സി.സി അംഗങ്ങളായ കെ. രാമചന്ദ്രൻ, കെ.പി. ബാബു, എൻ.എസ്.യു ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം എം.ധനീഷ് ലാൽ, ഡി.സി.സി ഭാരവാഹികളായ പി.എം. അബ്ദുറഹ്മാൻ, പി. കുഞ്ഞിമൊയ്തീൻ, എൻ.വി. ബാബുരാജ്, പി. മമ്മത്‌കോയ, എൻ. ഷെറിൽ ബാബു, കെ. അബൂബക്കർ പ്രസംഗിച്ചു.