1
1

കോഴിക്കോട് : ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ സ്വകാര്യ ട്യൂഷൻ സെന്ററുകൾക്കും യൂട്യൂബ് ചാനലുകൾക്കും ചോർത്തി നൽകിയതിനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കെ.എസ്.യു നേതാക്കളെ അക്രമിച്ച് ജയിൽ അടച്ചതിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കമ്മിഷണർ ഓഫീസ് മാർച്ചിലും സംഘർഷം. വൈകീട്ട് കമ്മിഷണർ ഓഫിസിന് മുന്നിലെ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. റോഡിൽ കുത്തിയിരുന്ന് പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറാവാത്ത സാഹചര്യത്തിൽ പൊലീസ് ബലം പ്രയോഗിക്കുകയായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അർജുൻ കറ്റയാട്ട്, സനൂജ് കുരുവട്ടൂർ, സംസ്ഥാന സമിതി അംഗം അർജുൻ പൂനത്ത് അടക്കമുള്ള പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ജില്ലാ നേതാക്കളായ റാഫി എൻ.പി, അഹദ് സമാൻ, അശ്വിൻ ദേവ് കാവിലുംപാറ, ആദർശ് കൊയിലാണ്ടി, തനദേവ് കൂടംപൊയിൽ, അഭിനന്ദ് താമരശ്ശേരി, സഹൽ സി. വി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
വ്യാഴാഴ്ച ഡിഡിഇ ഓഫീസ് ഉപരോധിച്ച കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് ഉൾപ്പെടെ 14 പ്രവർത്തകരെയാണ് പൊലീസ് മർദ്ദിച്ചത്. മർദ്ദനമേറ്റവരിൽ വനിതാ പ്രവർത്തകരും ഉൾപ്പെടും.