1
1

കോഴിക്കോട് : ക്രിസ്മസ് കാലത്ത് വീടുകളിൽ ദീപാലങ്കാരം നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി കെ.എസ്.ഇ.ബി. ഈ സമയത്ത് ഷോക്ക് അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിർദേശവുമായി കെ.എസ്.ഇ.ബി രംഗത്തെത്തിയത്. ദീപാലങ്കാരത്തിനായി ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് വയറുകൾ ഉപയോഗിക്കരുതെന്നാണ് നിർദേശം. ‌പ്ലാസ്റ്റിക് വയറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ വാങ്ങി ഉപയോഗിക്കാവൂ. ലോഹ നിർമിതമായ പ്രതലങ്ങളിൽ ദീപാലങ്കാരം നടത്തുമ്പോഴും കൃത്യമായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. അലങ്കാര പണികളിലേർപ്പെടുന്നവർ പലപ്പോഴും മതിയായ സുരക്ഷ ഉറപ്പുവരുത്താതെയാണ് ഇത്തരം പണികളിലേർപ്പെടുന്നതെന്നത് ഇത് അപകട തോത് വർദ്ധിക്കുന്നു. ഇത്തരം പണകളിലേർപ്പെടുന്നവർ ഇലക്ട്രിക് വയർ നേരിട്ട് പ്ലഗിലേക്ക് കണക്ട് ചെയ്യുന്നതും പതിവാണ്. ഇതും വലിയ അപകടം വരുത്തിവച്ചേക്കാം. പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചു മാത്രമേ വൈദ്യുതി കണക്ഷൻ എടുക്കാവൂ. വയർ നേരിട്ട് പ്ലഗിലേക്ക് കണക്ട് ചെയ്യുന്നതും അപകടം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. വയറിൽ മൊട്ടുസൂചി, സേഫ്റ്റി പിൻ എന്നിവ കുത്തി കണക്ഷൻ എടുക്കുന്നവരുമുണ്ട്. ഇതും വലിയ അപകടത്തിലേക്കുള്ള വഴിയാണ്. ഇത്തരത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇലക്ട്രിക് ജോലികളിലേർപ്പെട്ട് ജീവൻ നഷ്ടമായവർ നിരവധിയാണ്. പ്ലഗുകളിൽ കുത്തി കണക്ഷൻ എടുക്കുന്നവർ ഇത്തരം കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് കെ.എസ്.ഇ.ബി നിർദേശം. വയർ ജോയിന്റുകൾ ശരിയായ രീതിയിൽ ഇൻസുലേറ്റ് ചെയ്തു എന്നും ഉറപ്പു വരുത്തേണ്ടതുണ്ട്. ഇ.എൽ.സി.ബി, ആർ.സി.സി.ബി എന്നിവയും പ്രവർത്തനക്ഷമമാണോ എന്ന് പരിശോധിക്കണം.

വൈദ്യുതി മുടങ്ങുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി നൽകുന്ന വാട്‌സാപ്പ്/എസ്.എം.എസ് സന്ദേശങ്ങളെത്തുടർന്ന് ലൈനിൽ വൈദ്യുതിയില്ല എന്ന് തെറ്റിദ്ധരിച്ച് ലൈൻ കടന്നു പോകുന്ന

പ്രദേശത്തെ മരങ്ങളും മരക്കൊമ്പുകളും നീക്കം ചെയ്യാനും പലരും ശ്രമിക്കാറുണ്ട്. എന്നാൽ വൈദ്യുതി ഓഫാകും എന്ന അറിയിപ്പ് ലഭിച്ചാലും ഓഫീസുമായി ബന്ധപ്പെട്ട് പ്രത്യേക അനുമതി നേടി കെ.എസ്.ഇ.ബി നിയോഗിക്കുന്ന സൂപ്പർവൈസറുടെ സാന്നിധ്യത്തിൽ മാത്രമേ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടാൻ പാടുള്ളൂ എന്നും കെ.എസ്.ഇ.ബി മുന്നറിയിപ്പ് തരുന്നുണ്ട്.