1
1

കോഴിക്കോട്: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ സീസൺ മൂന്ന് ഡിസംബർ 26ന് ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 29 വരെ നീളുന്ന മേളയിൽ വാട്ടർ സ്‌പോർട്സ് ഇനങ്ങളും ഭക്ഷ്യമേളയും മറ്റു കലാപരിപാടികളും അരങ്ങേറും. ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന് സംഘടിപ്പിക്കുന്ന വാട്ടർ ഫെസ്റ്റും അനുബന്ധ പരിപാടികളും ബേപ്പൂരിൽ ചാലിയാറിന്റെ തീരത്തും മറീന ബീച്ചിലും ചാലിയം, നല്ലൂർ, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലുമായാണ് നടക്കുക.

സിറ്റ് ഓൺ ടോപ് കയാക്കിംഗ്, വൈറ്റ് വാട്ടർ കയാക്കിംഗ്, ബാംബൂ റാഫ്റ്റിംഗ് തുടങ്ങിയ സാഹസിക ഇനങ്ങൾക്ക് പുറമേ നാടൻ തോണികളുടെ തുഴച്ചിൽ മത്സരങ്ങൾ, വലവീശൽ, ചൂണ്ടയിടൽ എന്നിവയും വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും.

26ന് രാവിലെ ഏഴുമണിക്ക് കോഴിക്കോട് ബീച്ചിൽ നിന്ന് ബേപ്പൂർ ബീച്ചിലേക്ക് നടക്കുന്ന സൈക്കിൾ റാലിയോടെ ബേപ്പൂർ വാട്ടർ ഫെസ്റ്റിന് ഔപചാരികമായ തുടക്കമാകും. വൈകിട്ട് 6.30ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ബേപ്പൂർ ബീച്ചിൽ നിർവഹിക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ അസിസ്റ്റന്റ് കളക്ടർ പ്രതീക് ജെയിൻ, ടൂറിസം ജോയിന്റ് ഡയറക്ടർ ഡി. ഗിരീഷ് കുമാർ, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർ കെ. രൂപേഷ്‌കുമാർ, ഡി. ടി .പി .സി സെക്രട്ടറി നിഖിൽ ദാസ്, ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ് കൺവീനർ ടി. രാധാഗോപി, പ്രോഗ്രാം കമ്മറ്റി ചെയർമാൻ കെ. ആർ. പ്രമോദ് എന്നിവർ പങ്കെടുത്തു.