1
1

കോഴിക്കോട്: കാഴ്ച മറക്കുന്ന തരത്തിൽ റോ‌ഡരികിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കരുതെന്ന ഹൈക്കോടതി വിധി കാറ്റിൽ പറത്തി നഗരത്തിൽ പരസ്യ ബോർഡുകൾ നിറയുന്നു. വൈദ്യുതി - ടെലിഫോൺ പോസ്റ്റുകൾ, പാതയോരങ്ങൾ, നടപ്പാതകൾ, തുടങ്ങി നഗരത്തിന്റെ മുക്കിലും മൂലയിലും വരെ അപകടം വരുത്തും വിധമാണ് പരസ്യബോർഡുകളുള്ളത്. നഗരത്തിന്റെ പ്രധാന റോഡുകൾ മുതൽ ഇടവഴികൾ വരെയും ഇതാണ് സ്ഥിതി. പ്രധാന റോഡുകളിൽ കൂറ്റൻ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത് വലിയ അപകടങ്ങൾക്ക് പോലും കാരണമായേക്കാം എന്നിരിക്കെയാണ് പരസ്യ കമ്പനികൾ ഇത് തുടരുന്നത്. പരസ്യ ബോർഡുകൾ കാരണം കാൽനടയാത്രക്കാർക്ക് പലപ്പോഴും മറുപുറത്തെ വാഹനങ്ങൾ കാണാതെയാണ് റോഡ് ക്രോസ് ചെയ്യേണ്ടി വരുന്നത്.ഇത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. കാഴ്ച മറക്കുന്ന തരത്തിൽ നടപ്പാതകളിലും കൈവരികളിലും പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത് അലോസരമുണ്ടാക്കുമെന്ന് 2018 ൽ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കാഴ്ച മറക്കുന്നതും ഡ്രൈവർമാരുടെ ശ്രദ്ധയാകർഷിക്കുന്നതുമായ പരസ്യങ്ങൾ സ്ഥാപിക്കരുതെന്ന് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവുമുണ്ട്. ഉത്തരവ് നിലനിൽക്കുമ്പോഴും നിരവധി പരസ്യബോർഡുകളും ഹോൾഡിംഗ്‌സുകളുമാണ് നഗരത്തിൽ നിറയുന്നത്. വാഹനാപകടങ്ങളിൽ പരസ്യ ബോർഡുകൾക്ക് ഗണ്യമായ പങ്കുണ്ടെന്നാണ് വിലയിരുത്തൽ. ഡ്രൈവർമാരുടെയും കാൽനട യാത്രക്കാരുടെയും കണ്ണുകൾ അത്യാകർഷകമായ പരസ്യങ്ങളിൽ ഉടക്കി അപകടങ്ങളുണ്ടാകാറുണ്ട്. കാറ്റിലും മഴയിലും പരസ്യ ബോർഡുകൾ നിലം പതിച്ച് ഉണ്ടാകുന്ന ദുരന്തങ്ങളും കുറവല്ല. പരസ്യങ്ങൾ സ്ഥാപിച്ച പോസ്റ്റുകളിൽ കയറാൻ കെ.എസ്.ഇ.ബി ജീവനക്കാർക്കും ബുദ്ധിമുട്ടാണ്.

തിയതി വച്ചുള്ള പ്രോഗ്രാം ബാനറുകൾക്ക് പരിപാടി അവസാനിക്കുന്ന തീയതി ഉപയോഗം അവസാനിക്കുന്ന തീയതിയായും, തീയതി വയ്ക്കാത്ത സ്ഥാപനങ്ങളുടേയും മറ്റും പരസ്യങ്ങൾക്ക് പരമാവധി 90 ദിവസം പിന്നിട്ടുള്ള തീയതി ഉപയോഗം അവസാനിക്കുന്ന തീയതിയായും നിശ്ചയിക്കേണ്ടതാണെന്ന് സർക്കാർ ഉത്തരവുണ്ട്. ബോർഡുകൾ, ബാനറുകൾ എന്നിവ ഉപയോഗം അവസാനിക്കുന്ന തീയതിക്കു ശേഷം പരമാവധി 3 ദിവസത്തിനുള്ളിൽ സ്ഥാപിച്ചവർ തന്നെ പ്രിന്റ് ചെയ്ത സ്ഥാപനത്തിലേക്ക് തിരിച്ചേൽപ്പിക്കുകയും വേണം.

ഉപയോഗം അവസാനിക്കുന്ന തീയതി കഴിഞ്ഞ് 3 ദിവസത്തിനു ശേഷവും ബോർഡ് എടുത്തുമാറ്റാത്ത പക്ഷം സ്ഥാപിച്ചവരിൽ നിന്ന് കോർപ്റേഷൻ/പഞ്ചായത്ത് എന്നിവയ്ക്ക് ഫൈൻ ഈടാക്കാനും കഴിയും. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നഗരത്തിലെ പരസ്യബോർഡുകൾ ഉടൻ നീക്കം ചെയ്യുമെന്നുമെന്നും സിറ്റി ട്രാഫിക് പൊലീസ് വ്യക്തമാക്കി.