കോഴിക്കോട്: ഭിന്നശേഷിക്കാരായ മക്കൾക്കൊപ്പം മാതാപിതാക്കൾക്ക് താമസിച്ചു കഴിയാൻ വഴിയൊരുക്കുന്ന വിധം സർക്കാർ വിഭാവനം ചെയ്ത അസിസ്റ്റീവ് വില്ലേജുകൾ ആദ്യഘട്ടത്തിൽ അഞ്ചിടങ്ങളിൽ തുടങ്ങുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കാസർകോട് ജില്ലയിലെ മുളിയാർ, ഉദുമ, മലപ്പുറം ജില്ലയിലെ നിലമ്പൂർ, കൊല്ലം ജില്ലയിലെ പുനലൂർ, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട എന്നിവിടങ്ങളിലാണ് ഭിന്നശേഷിക്കാർക്കുള്ള അസിസ്റ്റീവ് വില്ലേജുകൾ തുടങ്ങുക.
ഭിന്നശേഷി സംസ്ഥാന തല അവാർഡ് വിതരണ പരിപാടി ഉണർവ് 2023 കോഴിക്കോട് ജെൻഡർ പാർക്കിൽ ഉദ്ഘാടനം ചെയ്യുക യായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാർക്കായി സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും പദ്ധതികളും എല്ലാം ഭിന്നശേഷിക്കാരുടെ അവകാശമാണ്. ഭിന്നശേഷി വിഭാഗത്തെ അവകാശബോധമുള്ളവരും ആത്മവിശ്വാസമുള്ളവരുമാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. ബാരിയർഫ്രീ കേരള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തവണ ഭിന്നശേഷിക്കാരായ ലോട്ടറി വിൽപ്പനക്കാർക്ക് പുതുവർഷ സമ്മാനമായി 5000 രൂപ വീതം വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കാനുള്ള നിർദ്ദേശം നൽകി. മികച്ച സേവനം നടത്തിയ ഭിന്ന ശേഷിക്കാരായ മുപ്പതോളം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മന്ത്രി അവാർഡുകൾ സമ്മാനിച്ചു.
ഭിശേഷി രംഗത്ത് സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം നടത്തിയ ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലാ പഞ്ചായത്തിന് വേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് പി. ഗവാസ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി. വടകരയാണ് മികച്ച ബ്ലോക്ക് പഞ്ചായത്ത്. മികച്ച നഗരസഭ, എലൂർ. തൃശൂരിലെ പുന്നയൂർക്കുളം, മലപ്പുറത്തെ പുല്പറ്റ എന്നിവയാണ് മികച്ച ഗ്രാമപഞ്ചായത്തുകൾ.
മലപ്പുറം തവനൂരിലെ പ്രതീക്ഷാ ഭവനാണ് സാമൂഹ്യനീതി വകുപ്പിന് കീഴിലെ മികച്ച സ്ഥാപനം. വയനാട് സ്വദേശി ഷെറിൻ ഷഹാന ടി .കെ ആണ് മികച്ച മാതൃകാ വ്യക്തി. ഇരുകൈകളും ഇല്ലാത്ത അവസ്ഥയിലും കാലുപയോഗിച്ച് ഡ്രൈവിംഗ് പഠിച്ച് ലൈസൻസ് നേടിയ ജിലുമോൾ മാരിയറ്റ് തോമസിനെ പരിപാടിയിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്. എച്ച്. പഞ്ചാപകേശൻ, സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ ജയാഡാലി എം. വി, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ. അലി അബ്ദുള്ള, സംസ്ഥാന ഭിന്നശേഷി അഡ്വൈസറി ബോർഡ് അംഗം സുഹിദ പി, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ എച്ച് . ദിനേശൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ അഞ്ജു മോഹൻ എന്നിവർ പങ്കെടുത്തു.