കോഴിക്കോട്: ഒരു കാലത്ത് സഞ്ചാരികളെ ആകർഷിച്ചിരുന്ന ഭട്ട് റോഡ് ബീച്ചും പാർക്കും ഇന്ന് സന്ദർശകരെ പേടിപ്പെടുത്തുകയാണ്. പൊട്ടിവീഴാറായ അലങ്കാര വിളക്കുകൾ, തകർന്ന ഇരിപ്പിടങ്ങൾ, പൊളിഞ്ഞ ഇന്റർലോക്ക്. ധൈര്യത്തോടെ ബീച്ചിലേക്ക് ഒന്നിറങ്ങാൻ പോലുമാകാത്ത സ്ഥിതി. മാസങ്ങൾക്ക് മുമ്പ് തിരയെടുത്ത് പോയതാണ് ബീച്ചിലെ ഈ സംവിധാനങ്ങളെല്ലാം. മുമ്പ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചതാണിവ. എന്നാൽ നാളുകൾ ഇത്രയും കഴിഞ്ഞിട്ടും ഇതിലൊന്നു പോലും നേരെയാക്കാൻ അധികൃതർ തയ്യാറാവുന്നില്ല. ഇപ്പോൾ ചിതറിക്കിടക്കുന്ന ഇന്റർലോക് ബ്രിക്കുകൾ ചവിട്ടി കടന്ന് വേണം സന്ദർശർക്ക് ബീച്ചിലേക്കിറങ്ങാൻ. തകർന്ന നടപ്പാതയിലെ അവശേഷിക്കുന്ന ഭാഗത്തിന്റെ സ്ഥിതിയും ഏതാണ്ട് ഇങ്ങനെ തന്നെ. നടപ്പാതയുടെ കാര്യം കഷ്ടത്തിലായതോടെ ഇന്റർലോക്ക് ബ്രിക്കുകൾക്കിടയിൽ സ്ഥാപിച്ചിരുന്ന വിളക്കുകാലുകളും ഓരോന്നായി നിലംപൊത്തുകയാണ്. മഴ പെയ്ത് വെള്ളം നിറഞ്ഞാൽ വിളക്കുകൾ വീഴുമെന്ന് ഉറപ്പ്. പ്രായമായവരും കുട്ടികളുമുൾപ്പടെയുള്ളവർ ഇതൊന്നുമറിയാതെയാണ് ഇങ്ങോട്ടിറങ്ങുന്നത്.
ശിൽപ്പ നഗരത്തിന്റെ ഭാഗമായി തീർത്ത കവാടത്തിന്റെ മാതൃകയിലുള്ള കരിങ്കൽ ശിൽപ്പത്തിന്റെയും മുകൾഭാഗം അടർന്നുവീണ നിലയിലാണ്. ഇറങ്ങാനുള്ള പടികളും തകർന്നതിനാൽ തകർന്നുകിടക്കുന്ന വിളക്കുകാലിൽ ചവിട്ടിയാണ് പലരും ബീച്ചിലേക്ക് ഇറങ്ങുന്നത്. കുട്ടികൾ ഉൾപ്പടെയുള്ളവർ വിളക്കുകാലിൻമേൽ തട്ടി വീഴുന്നതും പതിവാണെന്ന് സന്ദർശകർ പറയുന്നു. മാസങ്ങൾക്കു മുമ്പേ തകർന്ന ബീച്ചിന്റെയും പാർക്കിന്റെയും കാര്യത്തിൽ തിരുമാനങ്ങളൊന്നുമെടുക്കാൻ അധികാരികൾക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. കോഴിക്കോട് ബീച്ച് കഴിഞ്ഞാൽ നഗരത്തിലെത്തുന്നവർ പോകാൻ എറ്റവുമിഷ്ടപ്പെടുന്ന സ്ഥലമാണ് ഭട്ട് റോഡ് ബീച്ചും പാർക്കും. 2021 ജൂലൈയിലാണ് നവീകരിച്ച ഭട്ട് റോഡ് ബീച്ച് സന്ദർശകർക്കായി തുറന്നുകൊടുത്തത്. 2.15കോടി രൂപയാണ് അന്ന് ഭട്ട് റോഡ് ബീച്ചിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ചെലവാക്കിയത്. നവീകരണവും പരിപാലനവും ഇനിയെങ്കിലും വേണ്ട രീതിയിൽ നടന്നില്ലെങ്കിൽ ബീച്ചും പാർക്കും നശിച്ചുപോകുമെന്നുറപ്പാണ്. അധികാരികളുടെ മെല്ലെപ്പോക്ക് നയം സന്ദർശകരെയും കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. നവീകരിക്കുമെന്ന് പറയുന്നതല്ലാതെ ഇക്കാര്യത്തിൽ വേണ്ടപ്പെട്ടവർ ചെറുവിരൽ പോലും അനക്കുന്നില്ല. നവീകരണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും അനുമതി ലഭിച്ചാൽ ഉടൻ സർക്കാരിലേക്ക് കൈമാറുമെന്നുമാണ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കുന്നത്.