vande
വന്ദേഭാരത്

കോഴിക്കോട്: നിർദ്ദിഷ്ട ബാംഗ്ലൂർ കോയമ്പത്തൂർ, ഗോവ മംഗലാപുരം വന്ദേഭാരത് എക്സ് പ്രസ്, ബാംഗ്ലൂർ കോയമ്പത്തൂർ ഉദയ് എക്സ് പ്രസ് എന്നീ ട്രെയിനുകൾ കോഴിക്കോട് വരെ നീട്ടാൻ എം.കെ രാഘവൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു.

ബാംഗ്ലൂരിൽ നിന്ന് മലബാറിലേക്കുള്ള ട്രെയിൻ സർവീസുകളുടെ അപര്യാപ്തത പരിഗണിച്ച് ബാംഗ്ലൂരിൽ നിന്ന് കോയമ്പത്തൂർ വരെ പുതുതായി സർവീസ് ആരംഭിക്കാനിരിക്കുന്ന വന്ദേഭാരത് എക്സ് പ്രസ് കോഴിക്കോട് വരെ നീട്ടിയാൽ മലബാറിലെ യാത്രക്കാർക്ക് പ്രയോജനകരമാവുമെന്ന് എം.പി വ്യക്തമാക്കി. കോഴിക്കോട് ട്രാക്കുകളുടെ അഭാവമുണ്ടെങ്കിൽ സർവീസ് കണ്ണൂർ അല്ലെങ്കിൽ മംഗലാപുരം വരെ നീട്ടുന്നത് പരിഗണിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

ഗോവയിൽ നിന്ന് മംഗലാപുരം വരെ പുതുതായി ആരംഭിക്കാനിരിക്കുന്ന പുതിയ വന്ദേ ഭാരത് എക്സ് പ്രസും കോഴിക്കോട് വരെ നീട്ടണമെന്ന ആവശ്യവും ഉന്നയിച്ചു. ഇത് വിനോദസഞ്ചാര മേഖലയ്ക്ക് പ്രയോജനകരമാവുമെന്നും, സർവീസ് രാവിലെയാണെങ്കിൽ കോഴിക്കോട് നിന്ന് മംഗലാപുരം വരെ രാവിലെയുള്ള ട്രയിൻ സർവീസുകളുടെ അഭാവം പരിഹരിക്കാൻ സാധിക്കും. മുമ്പ് ഗോവയിൽ നിന്നും മംഗലാപുരം വരെ സർവീസ് നടത്തിയിരുന്ന ഇന്റർ സിറ്റി സർവീസ് യാത്രക്കാരില്ലാത്തതിനെ തുടർന്ന് റദ്ദ് ചെയ്ത കാര്യം എം.പി ചൂണ്ടിക്കാട്ടി. പുതുതായി ആരംഭിക്കുന്ന വന്ദേ ഭാരത് സർവ്വീസിലും ഇതുപോലെ യാത്രക്കാരില്ലാത്ത സാഹചര്യമുണ്ടായാൽ സർവീസ് കോഴിക്കോട് വരെ നീട്ടിയാൽ റദ്ദ് ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാൻ സാധിക്കും.

ഇതിന് സമാനമായി ബാംഗ്ലൂരിൽ നിന്ന് കോയമ്പത്തൂർ വരെ സർവീസ് നടത്തുന്ന ഉദയ് എക്സ് പ്രസിലും യാത്രക്കാരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ഉദയ് എക്സ് പ്രസ് കോഴിക്കോട് അല്ലെങ്കിൽ കണ്ണൂർ വരെ നീട്ടിയാൽ യാത്രക്കാരുടെ കുറവ് പരിഹരിക്കാൻ സാധിക്കുമെന്നും മലബാറിലെ യാത്രക്കാർക്ക് ആശ്വാസകരമാവുമെന്നും എം.പി വ്യക്തമാക്കി.