
കോഴിക്കോട്: അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ് നിലപാട് അറിയിക്കട്ടേയെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. മറുപടി പറയാൻ അവരിൽ കഴിവുള്ളവരുണ്ട്. ശശി തരൂരിന്റെ ഹമാസ് പ്രസ്താവനയിൽ അഭിപ്രായം പറയേണ്ടത് അദ്ദേഹമാണ്. അന്യമത സൗഹൃദം വേണമെന്നതിൽ സംശയമില്ല. മമ്പുറം തങ്ങൾ, ഉമർ ഖാദി തുടങ്ങിയവരെല്ലാം അന്യമതക്കാരുമായി സൗഹൃദത്തിൽ ജീവിച്ച് കാണിച്ചു തന്നവരാണ്.
ആഘോഷത്തിൽ പങ്കെടുക്കലും സംസ്‌കാരം പകർത്തിയെടുക്കലും തമ്മിൽ വ്യത്യാസമുണ്ടാകും. ആഘോഷങ്ങളിൽ സൗഹൃദം എപ്പോഴും നടന്നുവരുന്നതാണ്. അന്യമതക്കാരുടെ ആഘോഷം ഇസ്ലാമികമായി അംഗീകരിക്കാനാകില്ല. എന്നാൽ, ഇസ്ലാമികമാണെന്നു വരുത്താതെ പണ്ടത്തെ പോലെ ഇനിയും ചെയ്യാവുന്നതാണെന്നും കാന്തപുരം പറഞ്ഞു.