കോഴിക്കോട്: അനാഥകുട്ടികൾക്കായുള്ള സ്‌നേഹപൂർവ്വം സ്‌കോളർഷിപ്പിന് ഇത്തവണ അപേക്ഷ ക്ഷണിച്ചില്ല. സാധാരണയായി സെപ്തംബർ ഒക്ടോബർ മാസങ്ങളിലാണ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കാറുള്ളത്. എന്നാൽ കാലാവധി കഴിഞ്ഞ് വർഷം തീരാറായിട്ടും സ്‌നേഹപൂർവ്വം സ്‌കോളർഷിപ്പിനുള്ള അപേക്ഷ ഇത്തവണ ക്ഷണിക്കാത്ത സ്ഥിതിയാണ്. മാതാവോ പിതാവോ മരണപ്പെട്ട കുട്ടികൾക്കുള്ള സ്‌കോളർഷിപ്പാണ് സ്‌നേഹപൂർവ്വം. സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള സാമൂഹ്യ സുരക്ഷ പദ്ധതിയാണ് ഇത്. മാസം തോറും പഠന സഹായം ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം. ഒന്നു മുതൽ അഞ്ച് വരെയുള്ള കുട്ടികൾക്ക് 300 രൂപയും ആറ് മുതൽ പത്ത് വരെയുള്ള കുട്ടികൾക്ക് 500 രൂപയും പ്ലസ് വൺപ്ലസ് ടു വിദ്യാർഥികൾക്ക് 750 രൂപയും ബിരുദ, പ്രൊഫഷണൽ കോളജ് വിദ്യാർഥികൾക്ക് 1000 രൂപയുമാണ് പ്രതിമാസ സ്‌കോളർഷിപ്പ് ആയി നൽകുന്നത്.
അതേസമയം കഴിഞ്ഞ ഏതാനും വർഷങ്ങളിലായി സ്‌നേഹപൂർവ്വം സ്‌കോളർഷിപ്പിനായി നൽകുന്ന അപേക്ഷകളിലും തീരുമാനമായിട്ടില്ല. ആയിരക്കണക്കിന് വിദ്യാർഥികളാണ് അപേക്ഷ നൽകി കാത്തിരിക്കുന്നത്. അനാഥ കുട്ടികളോടുള്ള സംസ്ഥാനത്തിന്റെ കരുതലായി വിലയിരുത്തപ്പെട്ടിരുന്ന പദ്ധതിയാണ് ഇത്. എന്നാൽ ഇത്തവണ സർക്കാർ അനാസ്ഥയിൽ കുടുങ്ങിക്കിടക്കാനാണ് പദ്ധതിയുടെ യോഗം. കുട്ടികൾ ബുദ്ദിമുട്ടിലാണെന്നറിഞ്ഞിട്ടും അർഹമായ അപേക്ഷകളിൽ പോലും തീരുമാനമെടുക്കാതെ വൈകിക്കുകയാണ് സർക്കാർ. സാമൂഹ്യ സുരക്ഷാ മിഷന്റെ ഇത്തരത്തിലുള്ള മിക്ക പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്. മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള എൽ.എസ്.എസ്, യു.എസ്.എസ് സ്‌കോളർഷിപ്പും അവതാളത്തിലാണ്. വർഷങ്ങളായി പേരിന് മാത്രമാണ് സ്‌കോളർഷിപ്പ് വിതരണം. വിദ്യാർഥികൾ ഏറെ ആവേശത്തോടെ പഠിച്ച് വിജയം നേടുമ്പോഴും സർക്കാർ സ്‌കോളർഷിപ്പ് നൽകാതെ പുറംതിരിഞ്ഞു നിൽക്കുകയാണ്.
സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ മുടങ്ങുന്നതിന് കാരണമായി പറയുന്നത്.