കോഴിക്കോട്: സിവിൽ സ്വഭാവം പറഞ്ഞ് അന്തസോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള അവകാശം പൊലീസ് പുന:സ്ഥാപിക്കുന്നില്ലെന്ന പരാതിയിൽ നിയമാനുസൃതം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ പൊലീസിനോട് ആവശ്യപ്പെട്ടു. തന്റെ പേരിലുള്ള സ്ഥലത്തിലൂടെ വഴി നടക്കുന്നതിനുള്ള അവകാശം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവ്.
നെല്ലിക്കോട് പള്ളിപ്പൊയിൽ വീട്ടിൽ എം. സിദ്ധാർത്ഥന്റെ പരാതിയിലാണ് നടപടി.
പ്രദേശവാസിയായ സാവിത്രിയും കുടുംബവും അവർക്ക് പൊലീസിലുള്ള സ്വാധീനം ഉപയോഗിച്ച് തനിക്ക് നീതി ഉറപ്പാക്കുന്നില്ലെന്നാണ് പരാതി. ഇതിനെതിരെ പരാതിക്കാരൻ മുൻസിഫ് കോടതിയെ സമീപിച്ച് തനിക്ക് അനുകൂലമായി ഉത്തരവ് വാങ്ങിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു.
കോഴിക്കോട് സിറ്റി അസിസ്റ്റന്റ് കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പരാതി വർഷങ്ങളായി നിലനിൽക്കുന്ന ഒരു സിവിൽ തർക്കവുമായി ബന്ധപ്പെട്ടതാണെന്ന് കമ്മിഷനെ അറിയിച്ചു. പരാതിക്കാരന്റെ ആരോപണം ശരിയാണെങ്കിൽ അതിൽ മനുഷ്യാവകാശ ലംഘനമുണ്ടെന്ന് കമ്മിഷൻ ചൂണ്ടിക്കാണിച്ചു. പരാതിക്കാരന്റെ അവകാശങ്ങൾ എതിർകക്ഷികൾ ഹനിക്കുന്നില്ലെന്ന് മെഡിക്കൽ കോളേജ് പൊലീസ് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കരുത്. ഇതിനാവശ്യമായ നിർദ്ദേശം അസി. കമ്മിഷണർ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.