കോഴിക്കോട്: പാളയത്ത് നിന്ന് ഇറങ്ങില്ലെന്ന് ഉറച്ച് നഗരത്തിൽ ഇന്നലെയും തൊഴിലാളികളുടെ പ്രതിഷേധം. കോഴിക്കോടിന്റെ മുഖമായ മാർക്കറ്റ് പാളയത്ത് തന്നെ നിലനിർത്തണമെന്നാണ് ആവശ്യം. അതേസമയം മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുമെന്ന തിരുമാനത്തിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ട് പോകാൻ കോർപ്പറേഷനും തയ്യാറല്ല. ബലമായി ഇറക്കാനാണ് ശ്രമമെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്ന് തൊഴിലാളികളും പറയുന്നു. ക്ഷേമമാണ് ലക്ഷ്യമെങ്കിൽ ഇതല്ല കോർപ്പറേഷൻ ചെയ്യേണ്ടത് എന്നാണ് പാളയം മാർക്കറ്റ് കോർഡിനേഷൻ കമ്മിറ്റിയുടെ നയം. മാർക്കറ്റ് ആധുനിക രീതിയിൽ പാളയത്ത് തന്നെ പുനർനിർമിക്കണം. നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്നതോടെ തൊഴിലാളികൾ പ്രതിസന്ധിയിലാകും. ഉന്തുവണ്ടി വിൽപ്പനക്കാർ, ചില്ലറ വിൽപ്പനക്കാർ, പോർട്ടമാർ തുടങ്ങി പാളയം മാർക്കറ്റിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധി പേരുടെ വരുമാനം മുട്ടും. നഗരത്തിൽ നിന്ന് രണ്ട് കിലോമീറ്ററോളം ദൂരമുള്ള കല്ലുത്താൻകടവിലേക്ക് മാറ്റുന്നതോടെ സാധനങ്ങൾ വാങ്ങാനെത്തുന്നവർ കുറയുമെന്നും തൊഴിലാളികൾക്ക് ആശങ്കയുണ്ട്. നഗരത്തിന്റെ ഏത് ഭാഗത്ത് നിന്നും എളുപ്പത്തിൽ എത്താൻ കഴിയുന്നിടത്താണ് ഇപ്പോൾ മാർക്കറ്റ്. കല്ലുത്താൻകടവ് ഭാഗത്തേക്ക് മതിയായ ബസ് സർവീസുകൾ ഇല്ലാത്തതും തൊഴിലാളികളെ കോർപ്പറേഷൻ തിരുമാനത്തിന് എതിരാക്കുന്നതിന്റെ പ്രധാന കാരണമാണ്.
മാർക്കറ്റ് മാറ്റുന്നതിൽ പ്രതിഷേധിച്ച് മുമ്പ് കടകൾ അടച്ചിട്ടും തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. കല്ലുത്താൻകടവ് കോളനി പൊളിച്ച് മാറ്റിയതോടെയാണ് മാർക്കറ്റ് അവിടേക്ക് മാറ്റാൻ കോർപ്പറേഷൻ തിരുമാനിച്ചത്. ഇതിനായി പണിയുന്ന പുതിയ കെട്ടിടത്തിന്റെ പണി ഏതാണ്ട് പൂർത്തിയായിട്ടുമുണ്ട്, 5.5 ഏക്കറിൽ മൂന്ന് നില കെട്ടിടം. ജനുവരിയോടെ ഇത് പ്രവർത്തന സജ്ജമാകുമെന്നാണ് വിലയിരുത്തൽ. കല്ലുത്താൻ കടവ് ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റിക്കാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ചുമതല. താഴെ നിലയിലാണ് കടമുറികൾ സജ്ജമാക്കുക. 500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനും കഴിയും.
35 വർഷത്തെ നടത്തിപ്പ് കാലാവധിക്ക് ശേഷമായിരിക്കും മാർക്കറ്റ് കോർപ്പറേഷന് കൈമാറുക. കല്ലുത്താൻകടവിലേക്ക് മാറ്റിയാൽ ചരക്കുലോറികൾക്കും മറ്റും ഇവിടേക്ക് എത്താൻ ബുദ്ധിമുട്ടേണ്ടി വരും. കെട്ടിടത്തിന്റെ വാടക നിരക്ക് സംബന്ധിച്ചും തൊഴിലാളികൾക്കിടയിൽ അവ്യക്തത നിൽനിൽക്കുന്നുണ്ട്.
@
മിഠായിത്തെരുവും മാനാഞ്ചിറയും പോലെ കോഴിക്കോടിന്റെ പൈതൃകമാണ് പാളയം മാർക്കറ്റും. അത് പാളയത്ത് തന്നെ നിലനിറുത്തണമെന്നാണ് ആവശ്യം. തൊഴിലാളികളുടെ ക്ഷേമമാണ് ലക്ഷ്യമെങ്കിൽ കോർപ്പറേഷൻ തിരുമാനത്തിൽ നിന്ന് പിൻമാറണം
- പി.കെ കൃഷ്ണദാസൻ
ചെയർമാൻ, പാളയം മാർക്കറ്റ് കോർഡിനേഷൻ കമ്മിറ്റി