കോഴിക്കോട്: കോൺഗ്രസിന്റെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച് പാർട്ടിക്ക് അടിത്തറയുണ്ടാക്കിയ നേതാവാണ് കെ. സാദിരിക്കോയയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ. സാദിരിക്കോയ അനുസ്മരണവും കർമ്മ ശ്രേഷ്ഠ അവാർഡ് സമർപ്പണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെയും മൊയ്തു മൗലവിയുടെയും വഴിയെ പൊതുപ്രവർത്തന രംഗത്ത് ഇറങ്ങിയ നേതാവായിരുന്നു സാദിരിക്കോയ. അർപ്പണ ബോധത്തോടെ തൊഴിലാളികൾക്ക് വേണ്ടി നില കൊണ്ട നേതാവായിരുന്നു അദ്ദേഹം. കോൺഗ്രസിനും കോഴിക്കോടിനും മറക്കാനാവാത്ത സാദിരിക്കോയയോട് തനിക്ക് പിതൃതുല്യമായ സ്‌നേഹമാണ് ഉണ്ടായിരുന്നതെന്നും സതീശൻ അനുസ്മരിച്ചു.
കെ.പി കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ ഡോ.എം.കെ. മുനീർ എം.എൽ.എ പ്രതിപക്ഷ നേതാവിൽ നിന്നും കർമ്മ ശ്രേഷ്ഠ അവാർഡ് ഏറ്റുവാങ്ങി. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി .എം. നിയാസ് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.ജയന്ത്, മുൻ ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ, കേരള ഹൗസിംഗ് ഫെഡറേഷൻ ചെയർമാൻ കെ.സി. അബു, യു.ഡി.എഫ് ചെയർമാൻ കെ. ബാലനാരായണൻ, ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് യു.വി. ദിനേശ് മണി, കെ.പി.സി.സി അംഗങ്ങളായ കെ.രാമചന്ദ്രൻ, യൂത്ത് കോൺഗ്രസ് നേതാവ് വിദ്യാബാലകൃഷ്ണൻ, നിസാർ പുനത്തിൽ, സഫറി വെള്ളയിൽ തുടങ്ങിയവർ പങ്കെടുത്തു. അനുസ്മരണ സമിതി വൈസ് ചെയർമാൻ കെ.എം. ഉമ്മർ സ്വാഗതവും കെ.പി.സി.സി അംഗം സത്യൻ കടിയങ്ങാട് നന്ദിയും പറഞ്ഞു.
രാജ്യത്തെ വീണ്ടെടുക്കാൻ കോൺഗ്രസിനേ
സാധിക്കൂ : എം.കെ.മുനീർ
കോഴിക്കോട്: വർഗീയ ശക്തികൾക്കിടയിൽ രാജ്യം പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ രാജ്യത്തെ വീണ്ടെടുക്കാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളൂവെന്ന് ഡോ.എം.കെ. മുനീർ എം.എൽ.എ. കെ. സാദിരിക്കോയ കർമ്മശ്രേഷ്ഠ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു. അദ്ദേഹം. കോൺഗ്രസിനെ ശിഥിലമാക്കാൻ മാർക്സിസ്റ്റ് പാർട്ടി ഗവേഷണം നടത്തുന്ന കാലമാണിത്. സർക്കാരിനെതിരെ പോരാടുന്നതിനാലാണ് പ്രതിപക്ഷ നേതാവിനെ സി.പി.എം അവരുടെ കണ്ണിലെ കരടായി കാണുന്നത്. അത് അദ്ദേഹത്തിന്റെ വിജയമാണെന്നും എം.കെ മുനീർ പറഞ്ഞു. ജനം ദുരിതം പേറുന്നതിന് കാരണക്കാരായ എൽ.ഡി.എഫ് സർക്കാരിനെ ഭരണത്തിൽ നിന്നും താഴെയിറക്കാതെ വിശ്രമമില്ലെന്നും അതിന് ഒരുമിച്ച് മുന്നേറാമെന്നും അദ്ദേഹം പറഞ്ഞു.