പയ്യോളി: അഷ്ടമംഗല താലത്തിൽ വയ്ക്കാൻ അല്ലെങ്കിൽ സമൃദ്ധിയുടെ അടയാളമായി സൂക്ഷിക്കാൻ അതുമല്ലെങ്കിൽ ലോകമെങ്ങും പേരുകേട്ട ഒരു അത്ഭുത സൃഷ്ടി കൈവശമാക്കാനുള്ള ആഗ്രഹം, ഇതിലേതുമാകാം നിങ്ങളെ ആറന്മുളക്കണ്ണാടി തേടി യാത്ര തുടങ്ങാൻ പ്രേരിപ്പിച്ചത്. എന്നാൽ, ലോകം അത്ഭുതത്തോടെയും ആശ്ചര്യത്തോടെയും മുഖം നോക്കി നിൽക്കുന്ന കണ്ണാടി ഇപ്പോൾ ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കലാ -കരകൗശല മേളയിൽ ലഭിക്കും. കെ. എ ശെൽവരാജ് 118 നമ്പർ സ്റ്റാളിൽ വന്നാൽ ഒറിജിനൽ ആറന്മുള കണ്ണാടിയും കണ്ണാടിയിൽ തയ്യാറാക്കിയ അത്ഭുത ശിൽപവും വാങ്ങാം.
ശെൽവരാജിന് മുത്തച്ചൻ എൻ. കൃഷ്ണൻ ആചാരി, പിതാവ് അർജ്ജുനൻ ആചാരി എന്നിവരിൽ നിന്ന് പകർന്നുകിട്ടയതാണ് ഈ അത്ഭുത സൃഷ്ടിയുടെ വൈദഗ്ദ്ധ്യം. ആറന്മുള കണ്ണാടി നിർമാണത്തിലൂടെ നിരവധി അംഗീകാരങ്ങളും ശെൽവരാജിനെ തേടിയെത്തിയിട്ടുണ്ട്. ശെൽവരാജിന് ജി ഐ രജിസ്‌ട്രേഷനും (ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് എന്ന പേറ്റന്റ് സംരക്ഷണം) ഉണ്ട്. എന്നാൽ, ഇവരെ കൂടാതെ 20 ഓളം യൂണിറ്റുകളിൽ ആറൻമുളക്കണ്ണാടി നിർമ്മിക്കുന്നുണ്ട് എന്നതാണ് വാസ്തവം. എന്നാൽ പൈതൃകമായി പകർന്നു നൽകുന്ന ലോഹക്കൂട്ടിനെക്കുറിച്ചുള്ള അറിവിന്റെ പിൻബലമില്ലാത്തവർ നിർമ്മിച്ചു വിൽക്കുന്ന ആറൻമുളക്കണ്ണാടികൾ തിളക്കം നഷ്ടപ്പെട്ട ലോഹക്കഷണമായി മാറാൻ അധിക നാളുകൾ വേണ്ട. ഇത്തരത്തിൽ വഞ്ചിക്കപ്പെട്ടവരിൽ പലരും പിന്നീട് തങ്ങളെ തേടിയെത്താറുണ്ടെന്ന് പാർത്ഥസാരഥി ഹാന്റി ക്രാഫ്റ്റ്‌സ് ഉടമയും ആറന്മുള കണ്ണാടിയുടെ പരമ്പരാഗത നിർമ്മാതാക്കളിൽ ഒരാളുമായ ശെൽവരാജ് പറയുന്നു. പൈതൃക കണ്ണാടിയെന്ന് തെറ്റിദ്ധരിച്ച് വാങ്ങുന്ന വ്യാജ കണ്ണാടികളുടെ ഫ്രെയിം മാത്രമായിരിക്കും പിന്നീട് ഉപയോഗിക്കാൻ സാധിക്കുക. പ്രതിഫലനം ഉണ്ടാക്കുന്ന കണ്ണാടി പോലെയുള്ള പ്രതലം വീണ്ടും ഉണ്ടാക്കിയാണ് ഇത്തരക്കാർക്ക് ആറൻമുള കണ്ണാടി എന്ന ആഗ്രഹം യാഥാർത്ഥ്യമാക്കി കൊടുക്കുന്നത്.
കഴിഞ്ഞ 300 വർഷത്തെ പാരമ്പര്യവുമായി ആറൻമുളയെയും കേരളത്തെയും അതുവഴി ഇന്ത്യയെയും ലോകത്തിനു പരിചയപ്പെടുത്തിയ പരമ്പരാഗത നിർമ്മാതാക്കൾ തങ്ങൾക്ക് വേണ്ടത്ര സഹായം ലഭിക്കുന്നില്ല എന്ന പരാതി പറച്ചിൽ ഇപ്പോഴും തുടരുകയാണ്. ശെൽവരാജിന്റെ ഭാര്യ: സന്ധ്യ. മക്കൾ: ശ്രീജിത്ത്, ശരത്ത് .
തയ്യാറാക്കിയത്: വിനോദ് സവിധം എടച്ചേരി