
കോഴിക്കോട് : സമസ്തയുടെ നൂറാം വാർഷികം ഇ.കെ- എ.പി വിഭാഗങ്ങൾ വിപുലമായി ആഘോഷിക്കാനൊരുങ്ങവെ സുന്നി ഐക്യം വീണ്ടും ചർച്ചയാവുന്നു. വാർഷികാഘോഷം സുന്നി ഐക്യത്തിന് തടസമാകില്ലെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ വ്യക്തമാക്കിയതിനു പിന്നാലെ ,ഇ.കെ. വിഭാഗം നേതാവായിരുന്ന ഇ.കെ. അബൂബക്കർ മുസ്ല്യാരുടെ മഖ്ബറ സന്ദർശിക്കുക കൂടി ചെയ്തതോടെ ഐക്യ സാദ്ധ്യത കൂടുതൽ തെളിയുകയാണ്.
ഏക സിവിൽ കോഡ്, പാലസ്തീൻ വിഷയങ്ങളിലെല്ലാം ഇരുവിഭാഗം നേതാക്കളും ഒരേ വേദിയിൽ എത്തിയിരുന്നു.സുന്നി ഐക്യത്തോട് അനുകൂല നിലപാടാണ് ഇ.കെ. വിഭാഗം പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും സ്വീകരിച്ചിരുന്നത്. മുസ്ലിം ലീഗുമായും സമസ്തയുമായും ഐക്യത്തോടെ പോകണമെന്ന് ആദ്യം പറഞ്ഞത് കാന്തപുരമായിരുന്നു.
1989 ലാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ നിന്ന് വഴി പിരിഞ്ഞ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ പുതിയ സംഘടന രൂപം കൊണ്ടത്. വലിയ തോതിലുള്ള ആരോപണ പ്രത്യാരോപണങ്ങളാണ് ഇരുവിഭാഗവും നടത്തിയിരുന്നത്. ഇ.കെ. വിഭാഗം മുസ്ലിം ലീഗിനൊപ്പവും എ.പി വിഭാഗം സി.പി.എമ്മിനൊപ്പവും ഏറെക്കാലം നിലനിന്നു. എന്നാൽ പൗരത്വ ഭേദഗതി, ഏക സിവിൽ കോഡ്, പാലസ്തീൻ വിഷയങ്ങളിലെല്ലാം ഇരു സംഘടനകളും രാഷ്ട്രീയം മറന്ന് ഇടതു-വലത് വേദികളിലെത്തി. സുന്നി ഐക്യത്തിന് അഭിമാനത്തിന് യോജിക്കുന്ന വിട്ടുവീഴ്ചകൾ ചെയ്യാമെന്നായിരുന്നു സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാട്.