
കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ഭൂമികയിൽ നീതിക്കായി മൂന്നുകുഞ്ഞുങ്ങളുമായി ഒരു യുവതി നടത്തിയ പോരാട്ടത്തിന് 304 ദിവസം തികയുമ്പഴാണ് പൊലീസ് കുറ്റപത്രം സമർപിച്ചിരിക്കുന്നത്. ഹർഷീന കേസിൽ ഇന്നലെ കോഴിക്കോട് കുന്ദമംഗലം കോടതിയിൽ മെഡിക്കൽ കോളജ് എ.സി. സുദർശൻ രണ്ട് ഡോക്ടർമാരേയും രണ്ട് നഴ്‌സുമാരേയും പ്രതികളാക്കി കുറ്റപത്രം സമർപിക്കുമ്പോൾ സമര ചരിത്രത്തിൽ മറ്റൊരധ്യായം രചിക്കുകയാണ് ഹർഷീനയും സമര സമിതിയും. 2017ൽ നടന്ന ഹർഷീനയുടെ മൂന്നാത്തെ പ്രസവ ശസ്ത്രിക്രിയക്കിടെയാണ് വയറ്റിൽ കത്രിക കുടുങ്ങിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന ഡോ. സി.കെ. രമേശൻ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.എം. ഷഹന, കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സുമാരായ എം. രഹന, കെ.ജി. മഞ്ജു എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം നൽകിയിരിക്കുന്നത്. ഹർഷീനയുടെ നിയമപോരാട്ടങ്ങൾ ശരിയാണെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ തെളിഞ്ഞ സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമർപിക്കുന്നതെന്ന് മെഡി. കോളജ് അസി. കമ്മിഷണർ എ.സി.കെ.സുദർശൻ.
വയറ്റിൽ കത്രികയുമായി നാലുവർഷവും ഒമ്പതുമാസവും 19 ദിവസവും അനുഭവിച്ച യാതനകൾക്ക് ശേഷമായിരുന്നു നീതിക്കും നഷ്ടപരിഹാരത്തിനുമായി കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി ഹർഷീന പോരാട്ടം തുടങ്ങിയത്. രാഷ്ട്രീയ ഭേദമന്യേ നാടുമുഴുവൻ അവർക്ക് കൂടെ നിന്നു. എന്നിട്ടും സർക്കാർമാത്രം കനിഞ്ഞില്ല. മെഡിക്കൽകോളജിന് മുമ്പിൽ ആദ്യ സമരം അഞ്ച് ദിവസം പിന്നിട്ടപ്പോൾ ആരോഗ്യമന്ത്രി നേരിട്ടെത്തി ആശ്വാസവാക്കുകൾകൊണ്ട് പൊതിഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നിൽകൊണ്ടുവരുമെന്നും അർഹമായ നഷ്ടപരിഹാരം നൽകുമെന്നും പ്രഖ്യാപനം. പക്ഷെ ഒടുക്കം വച്ചു നീട്ടിയത് രണ്ടുലക്ഷം രൂപ. ഇതിനിടെ ചികിത്സയ്ക്കുമാത്രം ചിലവായത് ലക്ഷങ്ങൾ. ജോലിക്കുപോലും പോകാനാവാതെ രോഗാതുരമായി നാളുകൾ തള്ളിനീക്കിയ ഹർഷീന പക്ഷെ ആ നഷ്ടപരിഹാരം സ്വീകരിച്ചില്ല. 50ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടും പ്രതികളെ നിയമത്തിന് മുന്നിൽകൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് 104 ദിവസം തുടർച്ചയായി മെഡിക്കൽകോളജിന് മുമ്പിൽ സമരമിരുന്നു. രണ്ടുതവണ സെക്രട്ടറിയേറ്റിന് മുന്നിലും. പക്ഷേ സർക്കാർ തിരിഞ്ഞ് നോക്കിയില്ലെങ്കിലും പൊലീസ് അന്വേഷണത്തിൽ കുറ്റക്കാരായ രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരുമടങ്ങുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നെയും നീണ്ടു ഇവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിക്ക്. ഒടുക്കം 22ന് സർക്കാരിൽ നിന്നും അനുമതിയായി. അതോടെയാണ് വ്യാഴാഴ്ച കുറ്റപത്രം സമർപിക്കാൻ പൊലീസ് തീരുമാനിച്ചത്. അതേസമയം പൊലീസ് കുറ്റപത്രം സമർപിക്കാൻ തീരുമാനിച്ചെങ്കിലും ഹർഷീന പോരാട്ടം തുടരുകയാണ്. അർഹമായ നഷ്ടപരിഹാരത്തിനായി. നേരത്തെ 50ലക്ഷമാണ് നഷ്ടപരിഹാരം ചോദിച്ചിരുന്നതെങ്കിൽ നഷ്ടപരിഹാരത്തിനായി ഹൈക്കോടതി കയറുമ്പോൾ ചോദിക്കുന്നത് ഒരുകോടിയാണ്. സർക്കാരിൽ പ്രതീക്ഷ നഷ്ടപ്പെട്ടങ്കിലും കോടതിയിൽ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഹർഷീന.
കോഴിക്കോട് അടിവാരത്ത് ജനിച്ചുവളർന്ന് ഇപ്പോൾ പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ കഴിയുന്ന 32കാരിയായ ഹർഷീന കഴിഞ്ഞ ഏതാനും വർഷത്തിനിടെ അനുഭവിച്ചത് വിവരണാതീതമായ അനുഭവങ്ങൾ. വയറിൽ കത്രികയുമായി അഞ്ചുവർഷം. അതുകഴിഞ്ഞ് ശസ്ത്രക്രിയ. കത്രിക നീക്കം ചെയ്തിട്ടും നിലയ്ക്കാത്ത ആരോഗ്യപ്രശ്‌നങ്ങൾ. ലക്ഷങ്ങൾ ചെലവഴിച്ച കുടുംബം ഒടുക്കം കടക്കെണിയിൽ. സർക്കാരിനോട് ഹർഷീനയ്ക്ക് ഇന്ന് ഒരേയൊരാവശ്യമാണുള്ളത്, നീതിക്കൊപ്പം ചികിത്സാ ചെലവെങ്കിലും നൽകണം.
നാൾ വഴികൾ
2012 നവംബർ 23ന് ആദ്യ പ്രസവം. 2016 മാർച്ച് 28ന് രണ്ടാം പ്രസവം (രണ്ടും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ) 2017 നവംബർ 30ന് മൂന്നാം പ്രസവത്തിന് കോഴിക്കോട് മെഡിക്കൽകോളജിൽ. സർജറിക്ക് ശേഷം മാസങ്ങളോളം നിരവധി അസുഖങ്ങൾ. വിവിധ ആശുപത്രികളിൽ ചികിത്സയും സർജറികളും. സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ യൂറിനറി ബ്ലാഡറിനോട് ചേർന്ന് 6.1 സെന്റീമീറ്റർ വലുപ്പമുള്ള ലോഹഭാഗം കണ്ടെത്തി. 2022 സെപ്തംബർ 17ന് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയ്ക്കിടെ കത്രിക (ആർട്ടറി ഫോർസെപ്‌സ്) പുറത്തെടുത്തു. വിവാദമായപ്പോൾ മെഡിക്കൽ കോളേജിന്റെ അന്വേഷണസംഘം രംഗത്ത്. ഹർഷീന അന്വേഷണത്തെ തള്ളിയപ്പോൾ ആരോഗ്യവകുപ്പിന്റെ അന്വേഷണം 2022 ഒക്ടോബർ 21ന്. ഈ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് തള്ളി ആരോഗ്യമന്ത്രി അഡിഷണൽ ചീഫ് സെക്രട്ടറി. അതിനിടയിലാണ് ഹർഷീനയും സമര സമിതിയും പൊലീസിന് പരാതി നൽകരുന്നത്. മെഡിക്കൽകോളജ് എ.സി. സുദർശന്റെ നേതൃത്വത്തിൽ കുറ്റമറ്റ അന്വേഷണം നടന്നു. ഡോക്ടർമാരുടെ സംഘടനകളും സർക്കാരുമെല്ലാം രംഗത്തെത്തി. എന്നിട്ടും കുറ്റവാളികളായവരെ പിടികൂടാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. അതോടെ സമപരത്തിൻരെ വേലിയേറ്റമായി ഹർഷീന മാറി.
ഹർഷീന ഒരു സമര പ്രീതകമാണ്. നവകേരള സദസ്സും വിചാരണ സദസ്സുകളുമെല്ലാം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ കൊട്ടിക്കയറുമ്പോൾ സാധാരണക്കാരായവരുടെ ദീന രോദനമാവുകയാണ് ഹർഷീന.
ആരോഗ്യരംഗത്തെ കേരള മോഡൽ ലോകമാതൃകയാണെന്ന് കൊട്ടിഘോഷിക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി. നിപ്പ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളും ഗ്രാമങ്ങളിൽപ്പോലും മുഴുവൻ സമയ ഡോക്ടർമാരുള്ള കുടുംബാരോഗ്യകേന്ദ്രങ്ങളും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചുള്ള മെച്ചപ്പെട്ട ചികിത്സയുമൊക്കെ കേരളമോഡലിന് കാരണമായി വിലയിരുത്തുമ്പോഴാണ് സർജറിക്കിടെ ശരീരത്തിനുള്ളിൽ അകപ്പെട്ട കത്രികയുമായി ഒരു യുവതി ഇപ്പഴും സമരമുഖത്തുള്ളത്. പൊലീസ് കുറ്റപത്രത്തിൽ നിയമാനുസൃതമുള്ള ശികഷകളിലേക്ക് കാര്യങ്ങൾ പോവുമെന്നാണ് പ്രതീക്ഷയെങ്കിലും ഇത്രയും കാലം അനുഭവിച്ച വേദന, ചികിത്സാ ചെലവുകൾ, ജോലി ആനുകൂല്യങ്ങൾ തുടങ്ങിയവയെല്ലാം വിലയിരുത്തി ഉള്ള ഒരു നഷ്ടപരിഹാരമാണ് ഹർഷീനയും ഒപ്പം കേരളവും ആഗ്രഹിക്കുന്നത്.