mullappally
യു.ഡി.എഫ് കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച വിചാരണ സദസ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: രണ്ടാം പിണറായി സർക്കാർ ചരിത്രത്തിലെ കൈത്തെറ്രാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോഴിക്കോട് ടൗൺഹാളിൽ നടന്ന യു.ഡി.എഫ്. വിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുഭരണത്തിൽ അഴിമതി ആചാരമായി മാറിയ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. അഴിമതിക്ക് കാരണഭൂതനായത് മുഖ്യമന്ത്രി തന്നെയാണ്. നവകേരള സദസ് നനഞ്ഞ പടക്കമായി മാറി. മുഖ്യമന്ത്രിയുടെ യാത്ര ചീറ്രിപ്പോയി. കേരളം കണ്ട ഏറ്റവും ദുർബലമായതും കാര്യക്ഷമതയില്ലാത്തതുമായ സർക്കാരാണിതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ജനങ്ങളിൽ നിന്ന് ഒറ്രപ്പെട്ട സർക്കാർ പ്രതിഛായ മെച്ചപ്പെടുത്താനാണ് നവകേരള സദസ് നടത്തിയത്. ഉമ്മൻചാണ്ടിയുടെ ജനസമ്പക്കർക്കമായിരുന്നു അതിന് പ്രചോദനമായത്. എന്നാൽ പിണറായി രാജാവ് പ്രജകളെ കാണാനെത്തുന്ന തരത്തിലാണ് അത് നടത്തിയത്. വാടകഗുണ്ടകളും പാർട്ടി നേതാക്കളും പ്രതിഷേധിച്ചവരെ ക്രൂരമായി ആക്രമിച്ചു. കോടികൾ പൊടിച്ച് നടത്തിയ യാത്ര കേരളത്തെ യുദ്ധക്കളമാക്കി മാറ്റി. നരേന്ദ്രമോദിയെ പോലെ വിയോജിപ്പുകളെ അംഗീകരിക്കാത്ത നേതാവാണ് പിണറായി വിജയൻ. ഒരാൾ ഫാസിസ്റ്രും മറ്റൊരാൾ സ്റ്രാലിനിസ്റ്റുമാണ്. മാദ്ധ്യമങ്ങളെ ആക്രമിക്കുന്നതും മാദ്ധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കുന്നതുമുൾപ്പെടെയുള്ള സാഹചര്യമുണ്ടായി. അതിന്റെ പേരിൽ യുക്തിയ്ക്ക് നിരക്കാത്ത ന്യായീകരണമാണ് മുഖ്യമന്ത്രി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പി.എ. ഹംസ അദ്ധ്യക്ഷത വഹിച്ചു.

ഡോ.എം.കെ. മുനീർ എം.എൽ.എ, ഷാഫി ചാലിയം, കെ. ബാലനാരായണൻ, കെ.എം. അഭിജിത്ത്, കെ.പി. ബാബു, എൻ.സി. അബൂബക്കർ എന്നിവർ പ്രസംഗിച്ചു. ടി.പി.എം ജിഷാൻ കുറ്രപത്രം വായിച്ചു. ഷെറിൽ ബാബു സ്വാഗതം പറഞ്ഞു.