@ 51.9 കിലോ കഞ്ചാവുമായി രണ്ട് കാസർകോട് സ്വദേശികളും 4 കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശിയും പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട. രണ്ട് കേസുകളിലായി 56 കിലോഗ്രാം കഞ്ചാവ് പിടികൂടി. 51.9 കിലോ കഞ്ചാവുമായി രണ്ട് കാസർകോട് സ്വദേശികളും നാല് കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശിയുമാണ് പിടിയിലായത്. നടക്കാവ് പൊലീസും പന്തീരാങ്കാവ് പൊലീസും നർകോട്ടിക് അസിസ്റ്റൻറ് കമ്മിഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള നർകോട്ടിക് ഷാഡോ ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
51.9 കിലോഗ്രാം കാസർകോട് സ്വദേശികളായ മുഹമ്മദ് ഫൈസൽ (36), അബൂബക്കർ സിദ്ദിഖ് (39) എന്നിവരാണ് പിടിയിലായത്. പുതുവത്സരാഘോഷങ്ങളുടെ മറവിൽ വൻതോതിലുള്ള ലഹരി മരുന്നിന്റെ കച്ചവടം ലക്ഷ്യമിട്ടാണ് കഞ്ചാവെത്തിച്ചത്. ചില്ലറ വിപണിയിൽ 25 ലക്ഷം വിലമതിക്കുന്നതാണ് പൊലീസ് പിടികൂടിയ കഞ്ചാവ്. നർകോട്ടിക് എ.സി.പിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാവൂർ റോഡ് വൈ.എം.സി.എ ക്രോസ് റോഡിലെ വാഹന പാർക്കിംഗ് ഏരിയയിൽ നിന്നാണ് മുഹമ്മദ് ഫൈസലിനെയും അബൂബക്കറെയും നടക്കാവ് പൊലീസ് പിടികൂടിയത്. ഇവരുടെ കാറിന്റെ രഹസ്യ അറകളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കാറിന്റെ നമ്പർ വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കോട് ചക്കുംകടവ് സ്വദേശി മർഷീദ് അലി (35)യെ നാല് കിലോഗ്രാം കഞ്ചാവുമായി ഇരിങ്ങല്ലൂർ മാത്തറ റോഡിൽ നിന്നാണ് പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്.
രണ്ട് കിലോഗ്രാമിന്റെ രണ്ട് പാക്കറ്റുകളായാണ് ഇയാൾ കഞ്ചാവ് നാട്ടിലെത്തിച്ചത്. ഇതിൽ ഓരോ കിലോഗ്രാമിന്റെ പൊതികളായി ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുകയാണ് പതിവ്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന്റെ ഫലമായി നാട്ടിലുള്ള പല ചെറുകിട കച്ചവടക്കാരെയും കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സിറ്റി ഡി.സി.പി അനൂജ് പലിവാളിന്റെ നേതൃത്വത്തിൽ സിറ്റിയിൽ സ്പെഷ്യൽ ഡ്രൈവ് നടന്നു വരികയാണ്.
നർകോട്ടിക് അസി. കമ്മിഷണർ ടി.പി ജേക്കബിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടക്കാവ് എസ്. ഐ. ബിനു മോഹൻ പന്തീരാങ്കാവ് എസ് .ഐ. അരുൺ ,സീനിയർ സിവിൽ പൊലീസ് ഓഫീസർ മോഹൻ ദാസ്,സബീഷ്, രഞ്ജിത് സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത് എന്നിവരും ആന്റി നാർകോടിക്ക് ഷാഡോ വിംഗിലെ എസ്.ഐ മനോജ് ഇളയിടത്ത്,സി. പി. ഒമാരായ ഷിനോജ്, ലതീഷ് സരുൺകുമാർ, ശ്രീശാന്ത് ,ഇബ്നു ഫൈസൽ, തൗഫീഖ്, ,അഭിജിത്, അതുൽ പി,ശ്യാംജിത്, അജിത്, അതുൽ ഇ. വി. എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.