വടകര : ചെമ്പ് തകിടിൽ ജീവൻതുടിക്കും ചിത്രങ്ങളുമായി ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കലാ -കരകൗശല മേളയിലെ വാസുദേവൻ ചെത്തിലിന്റെ 21ാം നമ്പർ സ്റ്റാൾ ശ്രദ്ധേയമാകുന്നു.
ചിത്രങ്ങളുടെ വിൽപ്പനയ്ക്കും പ്രദർശനത്തിനും പുറമെ പെൻസിൽ ഡ്രോയിംഗ്, മെറ്റൽ എൻഗ്രേവിംഗ് എന്നിവയിൽ പരിശീലനം നൽകുന്നതിനാൽ കുട്ടികളുടെ മുഖ്യ ആകർഷകവും ഈ സ്റ്റാൾ തന്നെ. സ്‌കൂൾ പ്രവൃത്തി പരിചയ മേളയിലെ മത്സര ഇനമായ മെറ്റൽ എൻഗ്രേവിംഗ് പഠിക്കാൻ നിരവധി വിദ്യാർത്ഥികളാണ് ഇവിടെ എത്തുന്നത്. നൂലാണോ പൊടിയാണോയെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം ചെമ്പ് തകിടിൽ വിവിധതരം കൈയുളി കൊണ്ട് ഒരുക്കുന്നതാണ് മെറ്റൽ എൻഗ്രേവിംഗ് ചിത്രങ്ങൾ. മന്ത്രിമാരുടെയും പ്രശസ്ത വ്യക്തികളുടെയും എൻഗ്രേവിംഗ് ചിത്രങ്ങൾ സർഗാലയയ്ക്ക് വേണ്ടി വാസുദേവൻ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ വിവിധ വകുപ്പുകളുടെ വ്യക്തിഗത അവാർഡുകൾ വാസുദേവനെ തേടിയെത്തിയിട്ടുണ്ട്.