fg
കോഴിക്കോട് പാലാഴി ജി.കെ.എം.എം സ്വിമ്മിംഗ് അക്കാഡമിയിൽ സെൽഫ് ഡിഫെൻസ് പരിശീലനത്തിലേർപ്പെട്ടിരിക്കുന്നവർ

കോഴിക്കോട് : നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയുമോ ? നിങ്ങളെക്കൊണ്ട് ഇത് സാധിക്കുമോ ?

കഴിയില്ലെങ്കിൽ ഞങ്ങൾ സഹായിക്കട്ടെ ? സന്ദേഹവും സഹതാപവും നിറഞ്ഞ ഈ ചോദ്യങ്ങൾ കുറേ അഭിമുഖീകരക്കേണ്ടി വന്നിട്ടുണ്ട് കാഴ്ച് പരിമിതരായ ഈ സ്ത്രീകൾക്ക്. പരിഹാസം നിറഞ്ഞ ആ ചോദ്യങ്ങൾക്കെല്ലാം സ്വന്തം ശരീരം കൊണ്ട് ഉത്തരം പറയുകയാണ് ഇവർ. കഴിഞ്ഞ 23 മുതൽ കോഴിക്കോട് പാലാഴി ജി.കെ.എം.എം സ്വിമ്മിംഗ് അക്കാദമിയിൽ കാഴ്ച പരിമിതികൾ മറന്ന് അവർ നീന്തലും സെൽഫ് ഡിഫെൻസും പരിശീലിക്കുകയാണ്. ഞങ്ങൾക്ക് കഴിയാത്തതായി ഒന്നുമില്ലെന്ന് അടിവരയിട്ടു കൊണ്ട് കാണാത്ത ലോകങ്ങളിലേക്ക് അവർ നീന്തിക്കയറുകയാണ്. കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈന്റ് യൂത്ത് ഫോറവും ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്യുബീയിങ് ഫൗണ്ടേഷനും സഹകരിച്ചുകൊണ്ട് കോഴിക്കോട് ലേഡീസ് സർക്കിൾ ജി.സി.എൽ.സി186-ന്‍റെ സഹായത്തോടെയാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള കാഴ്ചപരിമിതരായ പത്ത് സ്ത്രീകൾ ഇവിടെ നീന്തൽ പരിശീലിക്കുന്നു. 12 പേർ സെൽഫ് ഡിഫെൻസും. കോഴിക്കോട്, മലപ്പുറം ജില്ലയിൽ നിന്നാണ് കൂടുതൽ ആളുകൾ. കാസർകോട്, തൃശൂർ, പാലക്കാട്, കൊല്ലം തുടങ്ങിയ ജില്ലകളിൽ നിന്നും പരിശീലനത്തിനാളുകളുണ്ട്. സംഘത്തിൽ വിദ്യാർത്ഥികളും തൊഴിൽ അന്വേഷകരും ജോലിക്കാരുമുണ്ട്. പാലക്കാടി സ്വദേശിയായ വി. വിനേകയാണ് കൂട്ടത്തിലെ പ്രായ കുറഞ്ഞയാൾ. പാലക്കാട് ചിറ്റൂർ ഗവ. കോളേജിൽ രണ്ടാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ് വിനേക. സംഘത്തിലെ മൂത്തയാൾ 40 കാരിയായ കോഴിക്കോട് സ്വദേശിനി പി.വി ശ്രീനയാണ്. പന്തലായനി ഗവ. സ്കൂളിൽ അധ്യാപികയാണ് ശ്രീന. തിരൂരങ്ങാടി സ്വദേശി ലിനിമോൾ ആണ് പ്രായം കൂടിയ മറ്റൊരംഗം. തിരൂരങ്ങാടി ഗവ .സ്കൂളിൽ അധ്യാപികയാണ് ലിനിയും. ഇരുവർക്കും പ്രായം 40. പത്ത് ദിവസമാണ് പരിശീലന കാലാവധി. എന്നാൽ അഞ്ചു ദിവസം പിന്നിടുമ്പോൾ തന്നെ ഏറെ ആത്മവിശ്വാസം തോന്നുണ്ടെന്ന് ഇവർ പറയുന്നു.

നീന്തലും സെൽഫ് ഡിഫെൻസും പഠിക്കാൻ കോഴിക്കോട് എത്തിയ കൊല്ലം സ്വദേശിനി ഡോണയാണ് സംഘത്തിന്റെ കോർഡിനേറ്റർ. ഹൈദരബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തരബിരുദം നേടിയാണ് ഡോണ കോഴിക്കോട്ടെത്തിയത്. പരിശീലനം വിജയകരമായി പൂർത്തിയാക്കി നീന്തൽ മത്സരങ്ങളിലും പങ്കെടുക്കാൻ ഒരുങ്ങുകയാണ് സംഘം.