കോഴിക്കോട്: നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന മലയോര ജനതയെ ദുരിതത്തിലാക്കി ബസുകളുടെ റൂട്ട് മാറ്റം. നഗരത്തിലെ പ്രധാന ബസ് സ്റ്റാൻഡായ മൊഫ്യൂസൽ ബസ് സ്റ്രാൻഡ് വഴി പാളയം ബസ് സ്റ്റാൻഡിലേക്കെത്തുന്ന റൂട്ടിലാണ് മുന്നറിയിപ്പില്ലാതെ മാറ്റം വരുത്തിയത്. ഇതോടെ ദീർഘ ദൂര യാത്രകൾക്കും മറ്റുമായി മൊഫ്യൂസൽ ബസ് സ്റ്റാൻഡിലേക്ക് പോവേണ്ട മലയോത്ത് നിന്നുള്ള യാത്രക്കാരാണ് ദുരിതത്തിലായത്.
കോടഞ്ചേരി, മുക്കം, അരീക്കോട്, തുഷാരഗിരി, ആനക്കാംപൊയിൽ, തിരുവമ്പാടി, പുന്നക്കൽ, കുളിരാമുട്ടി, കൂടരഞ്ഞി, പുല്ലൂരാംപാറ, വണ്ടൂർ, കളിക്കാവ്, വഴിക്കടവ്,നിലമ്പൂർ എന്നിവടങ്ങളിൽ നിന്ന് മെഡിക്കൽ കോളേജ് വഴി വരുന്ന ബസുകളിൽ വരുന്നവരാണ് മൊഫ്യൂസൽ ബസ് സ്റ്രാൻഡിലെത്താൻ ദുരിതം അനുഭവിക്കുന്നത്. കഴിഞ്ഞ ആഴ്ചമുതലാണ് ട്രാഫിക് പൊലീസ് ബസുകൾ കല്ലുത്താൻ കടവ്, ജയിൽ റോഡ് വഴി പാളയം ബസ് സ്റ്റാൻഡിലേക്ക് തിരിച്ചു വിടുന്നത്. ഇതു കാരണം മലയോര മേഖലയിൽ നിന്നും വരുന്ന യാത്രക്കാർ അരയിടത്തുപാലം ഇറങ്ങി 500 മീറ്ററോളം നടന്നോ ഓട്ടോറിക്ഷയ്ക്ക് പോവേണ്ട സാഹചര്യമാണ്.
മുമ്പ് ഇത്തരത്തിൽ റൂട്ട് മാറ്റം ഉണ്ടായപ്പോൾ എം.എൽ.എ മാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, വ്യാപാരി വ്യവസായികൾ, പൗരപ്രമുഖർ, എന്നിവർ ഇടപെട്ട് റൂട്ട് പുനസ്ഥാപിച്ചിരുന്നതായി കുന്ദമംഗലം - മുക്കം മലയോര മേഖല ബസ് ഓണേഴ്സ് അസോസിയേഷൻ പറഞ്ഞു. മൊഫ്യൂസൽ ബസ് സ്റ്രാൻഡിലേക്ക് മലയോരത്ത് നിന്ന് വരുന്ന ബസുകൾ പോവാത്തതിനാൽ യാത്രക്കാരും ബസിലെ ജോലിക്കാരുമായി തർക്കങ്ങളുണ്ടാകുന്നത് നിത്യസംഭവമാണെന്ന് ബസുടമകൾ പറയുന്നു.
@ റൂട്ട് മാറ്റം തിരിച്ചടി- കുന്ദമംഗലം- മുക്കം മലയോര മേഖല ബസ് ഓണേഴ്സ് അസോസിയേഷൻ
റൂട്ട് മാറ്റം ബസ് ഉടമകൾക്കും തിരിച്ചടിയാണെന്ന് കുന്ദമംഗലം - മുക്കം മലയോര മേഖല ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇടയ്ക്കിടെയുള്ള റൂട്ട് മാറ്റം പ്രതിസന്ധിയാക്കുന്നുണ്ട്. 2014ൽ കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമ്മാണത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസുകൾ കൂടി മൊഫ്യൂസിൽ ബസ് സ്റ്രാൻഡിൽ നിന്ന് സർവീസ് നടത്താൻ ആരംഭിച്ചപ്പോഴുള്ള തിരക്ക് പരിഗണിച്ചാണ് താത്കാലികമായി മലയോരത്ത് നിന്ന് വരുന്ന ബസുകളുടെ റൂട്ട് മാറ്റിയത്. എന്നാൽ ഇത് തുടരാനുള്ള ശ്രമത്തിനെതിരെ ഹൈക്കോടതിയെ ഉൾപ്പടെ സമീപിക്കുകയും തുടർന്ന് അനകൂല നടപടി ഉണ്ടാവുകയും ചെയ്തതായി സംഘടന അറിയിച്ചു. 2022 ജനുവരി 31 ന് ശേഷം മെഡിക്കൽ കോളേജ് ഭാഗത്തു നിന്നും വരുന്ന ബസുകൾ മൊഫ്യൂസൽ ബസ് സ്റ്റാൻഡ് വഴിയാണ് സർവീസ് നടത്തി വന്നിരുന്നത്. ഇതിനാണ് ഇപ്പോൾ മാറ്റം ഉണ്ടായിരിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മൂസ, അബ്ദുൾ റഹീം, പി.ടി ബഷീർ, അഭിലാഷ്. അനേസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.