rajeevan
ലോഹ തകിടിൽ തയ്യാറാക്കിയ ഉണ്ണികണ്ണനുമായി രാജീവൻ ഏച്ചൂരും ഭാര്യ ബിന്ദുവും

ഇരിങ്ങൽ: രാജ്യത്തിനകത്തും പുറത്തുമുള്ള കരകൗശല വിദഗ്ദ്ധരെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കരകൗശലമേളയിലെ 66 നമ്പർ പവലിയൻ,​ സുരഭീസ് മെറ്റൽ ആർട്ട് ആൻഡ് ക്രാഫ്റ്റ് ശ്രദ്ധേയമാകുന്നു. കണ്ണൂർ ജില്ലയിലെ ഏച്ചൂർ സ്വദേശി രാജീവനാണ് ചെമ്പ്, പിത്തള തകിടുകളിൽ ചിത്ര വിസ്മയം തീർക്കുന്നത്. കുട്ടിക്കാലം തൊട്ടേ ചിത്രങ്ങൾ വരച്ചും കരകൗശല ഉത്പന്നങ്ങൾ നിർമ്മിച്ചും ശ്രദ്ധ നേടിയിട്ടുണ്ട് രാജീവൻ. ഏറെക്കാലം മലേഷ്യയിൽ ആർട്ടിസ്റ്റായി ജോലി ചെയ്ത രാജീവൻ ഇപ്പോൾ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ ചിത്രകലാ ജീവിതം തുടരുകയാണ്. ഗീതോപദേശം, ഗണപതി, കൃഷ്ണൻ , ബുദ്ധൻ തുടങ്ങി നിരവധി രൂപങ്ങൾക്ക് ലോഹ തകിടിൽ ജീവൻ പകർന്നിട്ടുണ്ട്. ആന, മയിൽ, പൂക്കൾ തുടങ്ങി അലങ്കാര ചിത്രങ്ങളും രാജീവന്റെ കരവിരുതിൽ വിരിഞ്ഞിട്ടുണ്ട്. പ്രത്യേക തരം നിർമാണ രീതിയായതിനാൽ വർഷങ്ങളോളം സ്വർണവർണം മായാതെ നിൽക്കും.
450 രൂപ മുതൽ 25000 രൂപ വരെയുള്ള കലാ സൃഷ്ടികളുമായി രണ്ടാം തവണയാണ് സർഗാലയ മേളയിലെത്തുന്നത്. കലാവിസ്മയം ഒരുക്കുന്നതിൽ ഭാര്യ ബിന്ദുവും കൂടെയുണ്ട്. മക്കളായ സൂര്യരാജീവ്, വിഷ്ണു രാജ് എന്നിവരുടെ പിന്തുണ ഇരുവർക്കും കരുത്താകുന്നു. ഫോൺ: 9074718301.

തയ്യാറാക്കിയത്: വിനോദ് സവിധം എടച്ചേരി