നാദാപുരം: അഗതി ആശ്രയ വിഭാഗത്തിലുള്ളവരെയും അതി ദരിദ്രരെയും ഉൾപ്പെടുത്തി നാദാപുരം ഗ്രാമ പഞ്ചായത്ത് ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. 25 കുടുംബങ്ങളെയാണ് ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് വിനോദയാത്രക്ക് കൊണ്ട്പോയത്. എല്ലാവർക്കും സന്തോഷം എല്ലവരിലും വികസനം എന്നതാണ് ദരിദ്രവിഭാഗത്തിനുള്ള വിവിധ പദ്ധതികൾ നടത്തുന്ന ഗ്രാമ പഞ്ചായത്തിന്റെ ലക്ഷ്യം. ഗ്രാമ പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് വി.വി. മുഹമ്മദലി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജനീദ ഫിർദൗസ് അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺ പി. ടി.കെ. റീജ സ്വാഗതം പറഞ്ഞു. സി.കെ. നാസർ, അസി. സെക്രട്ടറി ടി. പ്രേമാനന്ദൻ എന്നിവർ സന്നിഹിതരായിരുന്നു