വടകര: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് നവീകരിച്ച ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ പ്രവർത്തനമാരംഭിച്ചു. പരേതനായ പീറ്റയിൽ കണാരൻ മാസ്റ്റർ സംഭാവന നൽകിയ 10 സെന്റ് സ്ഥലത്താണ് അര നൂറ്റാണ്ട് മുമ്പ് സബ്സെന്റർ കെട്ടിടം പണിതത്. ഇപ്പോൾ എൻ.ആർ.എച്ച്.എം. പദ്ധതിയിൽ നിന്ന് ഏഴ് ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപയും വകയിരുത്തിയാണ് നവീകരണ പ്രവർത്തി പൂർത്തീകരിച്ചത്. കെട്ടിടത്തിന്റെ ഉദ്ഘാടനം വടകര പാർലമെന്റ് അംഗം കെ. മുരളീധരൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാട്ടിൽ മൊയ്തു അദ്ധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. ഹൃദ്യ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ സ്വാഗതവും സെക്രട്ടറി കെ.ശീതള നന്ദിയും പറഞ്ഞു.